വാക്സിന്‍ സ്വീകരിച്ച കോവിഡ് രോഗികളില്‍ മരണ നിരക്കും ആശുപത്രി ചെലവും കുറഞ്ഞെന്ന് സ്റ്റാര്‍ ഹെല്‍ത്ത് പഠനം

Posted on: July 15, 2021

കൊച്ചി: വാക്സിന്‍ സ്വീകരിച്ചിട്ടുള്ള കോവിഡ്-19 രോഗികളുടെ മരണ നിരക്കും ആശുപത്രി ചെലവും ഗണ്യമായി കുറഞ്ഞെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് 45 വയസ്സും അതിനുമുകളിലുള്ളവരില്‍ വാക്സിനേഷന്‍ എങ്ങനെ ബാധിച്ചുവെന്നാണ് പഠനം നടത്തിയത്.

രണ്ടാം തരംഗത്തിന്റെ (2021 മാര്‍ച്ച്, ഏപ്രില്‍) സമയത്താണ് ഇന്ത്യയിലുടനീളമായി 45 വയസ്സും അതിനുമുകളിലുള്ളവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 3,820 രോഗികളില്‍ പഠനം നടത്തിയത്. രണ്ടു ഡോസും സ്വീകരിച്ചവരില്‍ ആശുപത്രി ചെലവില്‍ 24 ശതമാനം കുറവാണ് കണ്ടെത്തിയത്. ആശുപത്രി വാസം ശരാശരി 2.1 ദിവസമായി കുറഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ എണ്ണത്തില്‍ 66 ശതമാനമാണ് ഇടിവുണ്ടായത്. മരണ നിരക്ക് 81 ശതമാനം കുറഞ്ഞു.

വാക്സിന്‍ എടുക്കാത്തവരുടെ ആശുപത്രി ചെലവ് ശരാശരി 2.77 ലക്ഷമായിരുന്നു. എന്നാല്‍ വാക്സിന്‍ എടുത്തവരുടെ ചെലവ് 2.1 ലക്ഷത്തില്‍ ഒതുങ്ങി. ഐസിയു ആവശ്യം കുറഞ്ഞതും കുത്തിവയ്പ്പ് എടുക്കാത്തവര്‍ ശരാശരി ഏഴു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോള്‍ വാക്സിന്‍ എടുത്തവര്‍ക്ക് ശരാശരി 4.9 ദിവസം കൊണ്ട് ആശുപത്രി വിട്ടതും ചെലവു കുറയുന്നതിന് കാരണമായി.

വാക്സിനേഷന്‍ പൊതുജനങ്ങളെ എങ്ങനെ ബാധിച്ചു എന്ന് കണ്ടെത്താനായിരുന്നു പല പഠനങ്ങളും എന്നാല്‍ സ്റ്റാര്‍ ഹെല്‍ത്ത് പഠനം മെഡിക്കല്‍ നേട്ടങ്ങള്‍ മാത്രമല്ല, അതിന്റെ സാമ്പത്തിക വശങ്ങള്‍ കൂടി വിലയിരുത്തുകയായിരുന്നു.

ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വേഗത്തിലുള്ള വാക്സിന്‍ കണ്ടുപിടിത്തത്തിനാണ് 2021 സാക്ഷ്യം വഹിച്ചതെന്നും കോവിഡ്-19 രോഗ ബാധ വാക്സിന്‍ എടുത്തവരിലും എടുക്കാത്തവരിലും ഏതെല്ലാം തരത്തിലാണ് ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യമെന്നും സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. എസ്. പ്രകാശ് പറഞ്ഞു. വാക്സിന്‍ എടുക്കാത്തവരില്‍ 57 ശതമാനവും ഭയം, അവഗണന തുടങ്ങിയവ മൂലം മാറി നിന്നവരാണെന്നും വാക്സിന്റെ ഗുണങ്ങള്‍ മനസിലാക്കി കൊടുത്ത് എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും ഡോ. പ്രകാശ് കൂട്ടിചേര്‍ത്തു.

ഇന്ത്യയില്‍ ഉടനീളമുള്ള കോവിഡ്-19 രോഗികളിലാണ് പഠനം നടത്തിയതെന്നും മെഡിക്കല്‍ മാത്രമല്ല, സാമ്പത്തിക നേട്ടം കൂടി കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യമെന്നും വാക്സിന്‍ എടുത്തവര്‍ക്ക് എടുക്കാത്തവരേക്കാള്‍ ഏറെ നേട്ടമുണ്ടായതായി പഠനത്തില്‍ കണ്ടെത്തിയെന്നും സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ജോയിന്റ് വൈസ് പ്രസിഡന്റ് ഡോ. മധുമതി രാമകൃഷ്ണന്‍ പറഞ്ഞു.