ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന്റെ ലാഭം 63 കോടിയായി

Posted on: June 5, 2019

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ്. വ്യക്തിഗത പ്രീമിയം 23% ആണ് വര്‍ധിച്ചത്. ആകെ പ്രീമിയം 1700 കോടിയായി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷമിത് 1500 കോടി ആയിരുന്നു. നികുതിക്ക് ശേഷം ഉള്ള ലാഭം 63 കോടിയാണ്. പോളിസികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒന്‍പതാമത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എന്‍ബിഎഫ്‌സികള്‍ക്കുണ്ടായ പണ ലഭ്യതയിലുള്ള കുറവ് മറികടന്നാണ് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് ശേഖരിച്ച പോളിസി തുകയുടെ 50% ഗ്രാമീണ മേഖലകളില്‍ നിന്നാണ്. ഗ്രാമീണ മേഖലയില്‍ ഇത്രയധികം വിഹിതമുള്ള വേറെ ഇന്‍ഷുറന്‍സ് കമ്പനിയില്ല.

മുഖ്യധാരാ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ അധികം ലഭിക്കാത്ത ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് സേവനം എത്തിക്കുകയാണ് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയെന്ന് എംഡിയും സിഇഒയുമായ കാസ്പറസ് ക്രോംഔട്ട് പറഞ്ഞു.

ഉപഭോക്താക്കളുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 85 ശതമാനമാണ്, തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 5% അധികമാണിത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് കമ്പനിക്ക് സാധിച്ചിട്ടുണ്ട്.