ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ലോംഗ്‌ലൈഫ് ഗോള്‍

Posted on: February 14, 2019

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് ലോംഗ്‌ലൈഫ് ഗോള്‍ പദ്ധതി പുറത്തിറക്കി. റിട്ടയര്‍മെന്റ് കാലത്തേക്കായി നികുതി രഹിത വരുമാനവും 99 വയസു വരെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതിയാണിത്. ഭാഗികമായ പിന്‍വലിക്കല്‍ സൗകര്യവും ഈ പുതുതലമുറ യൂലിപ് പദ്ധതിക്കുണ്ട്.

വിപണി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളാണ് ഇതിലൂടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മുതലോ 55 വയസു മുതലോ ഏതാണ് പിന്നീടു വരുന്നത്, അതു മുതല്‍ തുടര്‍ച്ചയായ വരുമാനം ലഭിക്കുന്ന രീതി ഇതില്‍ തെരഞ്ഞെടുക്കാം. അഞ്ചു വര്‍ഷത്തിനു ശേഷം ഭാഗികമായ പിന്‍വലിക്കലുകളും നടത്താന്‍ ഇതിലാവും. മരണമോ പൂര്‍ണമായ വൈകല്യമോ മൂലം പ്രീമിയം അടക്കാനാവാതെ വന്നാല്‍ ഭാര്യ/ഭര്‍ത്താവ് അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഇതിന്റെ പരിരക്ഷയും ആനുകൂല്യങ്ങളും തുടര്‍ന്നു ലഭിക്കും. പത്തു മുതല്‍ 25 വര്‍ഷം വരെയുള്ള കാലയളവിലേക്ക് പ്രീമിയം അടക്കുകയും പോളിസി പ്രകാരമുള്ള പരിരക്ഷ 99 വയസു വരെ തുടരുകയും ചെയ്യുന്ന രീതിയിലാണ് ഈ പദ്ധതി.

സൗകര്യപ്രദമായൊരു റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താത്പര്യപ്പെടുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് യൂലിപ്പെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സിന്റെ ചീഫ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ് ഓഫിസര്‍ ധീരജ് സെഹ്ഗാള്‍ പറഞ്ഞു. റിട്ടയര്‍മെന്റ് പ്ലാനിംഗിനായി ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന രീതിയിലാണ് ബജാജ് അലയന്‍സ് ലൈഫ് ലോംഗ് ഗോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.