പ്ലാങ്കത്തോണില്‍ ബജാജ് അലയന്‍സിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Posted on: August 8, 2022

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്ലാങ്കത്തോണില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ അബ്‌ഡോമിനല്‍ പ്ലാങ്ക് പൊസിഷന്‍ പിടിച്ചതിനാണിത്. ബജാജ് അലയന്‍സ് പ്ലാങ്കത്തോണ്‍ പരിപാടിയില്‍ 4,454 ആളുകള്‍ ഒരുമിച്ച് ഒരു മിനിറ്റ് സമയം പ്ലാങ്ക് പൊസിഷന്‍ പിടിച്ചു. ചൈനയുടെ 3,118 എന്ന റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. കമ്പനിയുടെ പ്ലാങ്ക് ടു തിങ്ക് സംരംഭത്തിന്റെ ഭാഗമായ പ്ലാങ്കത്തോണിന്റെ മൂന്നാം പതിപ്പിലാണ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പുതിയ ഗിന്നസ് ലോക റിക്കാര്‍ഡ് സ്ഥാപിച്ചത്.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ സായുധ സേനകളോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി കമ്പനി പ്ലാങ്ക് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുവാന്‍ ക്ഷണിച്ചിട്ടുണ്ട്. മുന്‍ സൈനികര്‍ക്കിടയില്‍ സംരംഭകത്വം സുഗമമാക്കുന്നതിന് കമ്പനി സാമ്പത്തിക സംഭാവന നല്‍കുന്നുണ്ട്. സാങ്കേതിക വൈദഗ്ധ്യം നല്‍കല്‍, ബിസിനസ് മെന്ററിംഗ്, മൂലധന സഹായം എന്നിവ ഉള്‍ക്കൊള്ളുന്ന റീസ്‌കില്ലിംഗ് പദ്ധതി ഐക്രിയേറ്റ് ഇന്ത്യയുമായി ചേര്‍ന്ന് കമ്പനി നടപ്പാക്കും.

നല്ല ആരോഗ്യവും സമഗ്രമായ ശാരീരികക്ഷമതയും പ്രാപ്തമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പ്ലാങ്കത്തോണ്‍ സംരംഭം പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ യഥാര്‍ത്ഥ നായകരായ സായുധ സേനകളോടുള്ള നന്ദി പ്രകടിപ്പിക്കാനാണ് പ്ലാങ്ക് ടു തിങ്ക് എന്ന സംരംഭം. ഇതിന് ഇന്ത്യയിലുടനീളം മികച്ച പ്രതികരണവും വന്‍ പങ്കാളിത്തവും ലഭിച്ചിട്ടുണ്ടെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ചന്ദ്രമോഹന്‍ മെഹ്‌റ പറഞ്ഞു.

ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ യഥാര്‍ത്ഥ ഹീറോകളോട് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതിനു മുന്‍കൈയെടുത്ത ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിനെ ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ കപില്‍ ദേവ് അഭിനന്ദിച്ചു.

2018 നവംബറില്‍ പൂനയിലാണ് പ്ലാങ്കത്തോണിന്റെ ആദ്യ പതിപ്പ് സംഘടിപ്പിച്ചത്. ശില്‍പ ഷെട്ടിയായിരുന്നു അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍. യുവ ഇന്ത്യന്‍ ഒളിമ്പ്യന്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഒജിക്യുവുമായി സഹകരിച്ച് പ്ലാങ്ക് ഫോര്‍ ഇന്ത്യ എന്ന പേരില്‍ രണ്ടാം പതിപ്പ് 2020 ജനുവരിയില്‍ 26ന് മുംബൈയില്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ അനില്‍ കപൂര്‍ ആയിരുന്നു.