പ്രതിഷ്ഠാപനവുമായി കൊച്ചി ഡിസൈൻ വീക്ക്

Posted on: December 9, 2019

കൊച്ചി : കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്റൂം, ഭക്ഷണത്തിന് സംവിധാനങ്ങൾ, എന്നിങ്ങനെ എല്ലാമടങ്ങിയ വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത് !

ഡിസംബർ 12 ന് കൊച്ചിയിൽ ആരംഭിക്കുന്ന ഡിസൈൻ വീക്ക് ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത് എംജി റോഡിലാണ്. പ്രതിഷ്ഠാപനത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ഡിസൈൻ വീക്കിന്റെ പങ്കാളിയായ അസറ്റ് ഫൗണ്ടേഷനാണ് ഇതിന്റെ ശില്പികൾ.ഡിസൈൻ വീക്ക് നടക്കുന്ന 12, 13, 14 തിയതികളിൽ അസറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസറ്റ് മൂൺ ഗ്രേസ് പ്രൊജക്ട് സൈറ്റിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രതിഷ്ഠാപനം കാണാനവസരമുണ്ട്.

കൊച്ചി ഡിസൈൻ വീക്കിന്റെ ആദ്യ ലക്കത്തിൽ സുസ്ഥിര നിർമ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ ആശയത്തെക്കുറിച്ച് അസെറ്റ് ഫൗണ്ടേഷൻ ആലോചിക്കുന്നതെന്ന് അസറ്റ് ഹോംസ് എംഡി സുനിൽ കുമാർ വി. പറഞ്ഞു. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, അവിവാഹിതരായ ജോലിക്കാർ തുടങ്ങി നിരവധി പേർക്ക് സഹായകരമാകുന്നതാണ് പദ്ധതി. മാറിയ സാഹചര്യത്തിൽ വൃത്തിയും ശുചിത്വവും ജീവിതത്തിലെ വലിയ ഘടകങ്ങളായി മാറിയിട്ടുണ്ട്. ഈ വിഭാഗത്തിന് ഏറ്റവും പറ്റിയ വാസസ്ഥലം രൂപകൽപ്പന ചെയ്യുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ഡിസൈൻ വീക്കിലൂടെ ഉയർന്നു വന്ന ആശയങ്ങൾ സാധാരണക്കാരന് ഉപയോഗപ്രദമാകുന്ന രീതിയിൽ യാഥാർത്ഥ്യമാകുന്നതിലൂടെ പരിപാടിയുടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുകയാണെ് ഉച്ചകോടിയുടെ സ്പെഷ്യൽ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുൺ ബാലചന്ദ്രൻ പറഞ്ഞു. പ്രളയത്തിനു ശേഷമുള്ള സുസ്ഥിര നിർമ്മാണത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ വർഷം നടന്ന ഡിസൈൻ വീക്കിന്റെ പ്രമേയം. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഉച്ചകോടിയുടെ പ്രധാന പങ്കാളികളായ അസെറ്റ് ഫൗണ്ടേഷൻ മുൻകയ്യെടുത്ത് ഈ നിർമ്മിതി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

12 അടി നീളവും 8 അടി വീതിയുമുള്ളതാണ് വാസസ്ഥലം. അതിൽ മടക്കി വയ്ക്കാവുന്ന് രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാർക്കുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നതാണ് ഈ ഡിസൈൻ. കുറഞ്ഞ ചെലവിൽ ഇത് ലഭ്യമാക്കാനും കഴിയും.