തീരദേശ പരിപാലന അഥോറിട്ടിയുടെ വീഴ്ചയ്ക്ക് മറ്റുള്ളവരെ ബലിയാടാക്കരുതെന്ന് ആൽഫാ വെഞ്ച്വേഴ്സ്

Posted on: May 16, 2019

കൊച്ചി : തീരദേശ പരിപാല അഥോറിട്ടി വരുത്തിയ വീഴ്ചയ്ക്ക് മറ്റുള്ളവരെ ബലിയാടാക്കരുതെന്നു സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റുകളിൽ ഒന്നായ ആൽഫാ വെഞ്ച്വേഴ്സ്. നിയമപരമായ അനുമതികൾ ലഭിച്ച ശേഷമാണ് ആൽഫാ വെഞ്ച്വേഴ്സ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് ഡയറക്ടർ ജെ. പോൾരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിർമാണം തുടങ്ങും മുൻപ് അനുമതി വാങ്ങിയില്ലെന്ന അഥോറിട്ടിയുടെ വാദത്തിൽ കഴമ്പില്ല. 2006 ൽ ഫ്ളാറ്റ് നിർമാണം ആരംഭിക്കുമ്പോൾ മരടിൽ മാപ്പിംഗ് ഉണ്ടായിരുന്നില്ല. മാപ്പിംഗ് ഇല്ലാത്ത സാഹചര്യത്തിൽ അനുവർത്തിക്കേണ്ട നടപടിക്രമം 1991 ലെ സി ആർ ഇസഡ് നോട്ടിഫിക്കേഷനിൽ വ്യക്തമായി പറയുന്നുണ്ട്. ഇതനുസരിച്ചാണ് നിർമാണത്തിന് അനുമതി ലഭിച്ചത്.

ലേക്ഷോർ ആശുപത്രി കേസിൽ മരടിലെ മാപ്പിംഗ് ശരിയല്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും നിലവിലെ മാപ്പിംഗ് അസാധുവാക്കി റീമാപ്പിംഗ് നടത്താൻ 2003 ൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ആൽഫാ വെഞ്ച്വേഴ്സ് അനുമതി തേടുന്നതും മാപ്പിംഗിന്റെ അഭാവത്തിൽ അന്നത്തെ സി ആർ ഇസഡ് നിയമം അനുസരിച്ച് നിർമാണാനുമതി ലഭിച്ചതെന്നും പോൾരാജ് വ്യക്തമാക്കി. 2012 ൽ മാത്രമാണ് മരടിൽ മാപ്പിംഗ് നടന്നത്.

നിർമാണാനുമതി നൽകിയ ശേഷം അനുമതി റദ്ദാക്കാൻ മരട് പഞ്ചായത്ത് ഷോക്കോസ് നൽകിയ സാഹചര്യത്തിൽ ആൽഫാ വെഞ്ച്വേഴ്സ് 2007 ൽ കോടതിയെ സമീപിച്ചു. ഈ കേസിൽ മരട് പഞ്ചായത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും അതിൽ മരട് പഞ്ചായത്ത് സി ആർ ഇസഡ് കാറ്റഗറി 2 വിഭാഗത്തിലാണെന്നു സമർഥിക്കുകയും ചെയ്തിട്ടുണ്ട്. മരട് പഞ്ചായത്തിൻറെ ഈ നിലപാട് കേസിൽ നാലാം കക്ഷിയായ കേരള തീരദേശ പരിപാലന അതോറിറ്റി (കെ സി ഇസഡ് എം എ) എതിർക്കുകയോ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇത് മറച്ചു വച്ചാണ് അഥോറിട്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്ന് പോൾരാജ് ആരോപിച്ചു.

ഹൈക്കോടതിയിൽ നടന്ന കാര്യങ്ങൾ മറച്ചു വച്ചാണ് അഥോറിട്ടി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവ് നിർമാണ മേഖലയിലാകെ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണെന്നും പോൾരാജ് കൂട്ടിച്ചേർത്തു.

TAGS: Alfa Ventures |