വേദനയാണോ പ്രശ്‌നം; ഫിസിയോ തെറാപ്പിയിലൂടെ പരിഹരിക്കാം

Posted on: January 30, 2024

സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന ചെറിയൊരു വേദന മതി എല്ലാവിധ സന്തോഷങ്ങളെയും തല്ലിക്കെടുത്താന്‍. കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ വലിയ വേദന ഉണ്ടാക്കുന്നതാണെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന മസ്‌കുലോ സ്‌കെലറ്റല്‍ വേദനകളാണ് മിക്കവര്‍ക്കും ഏറെ അസഹ്യമായി തോന്നാറുള്ളത്. അപകടങ്ങളും ജീവിത ശൈലിയിലെ അപാകതകളും മൂലമുണ്ടാകുന്ന ഇത്തരം വേദനകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് മനസിലാക്കാം.

വേദനയുടെ കാരണങ്ങള്‍

ശരീരത്തിലെ മസിലുകള്‍, അസ്ഥികള്‍, സന്ധികള്‍, ലിഗമെന്റുകള്‍, ടെന്റണുകള്‍ തുടങ്ങിയവയെ ബാധിക്കുന്ന വേദനകളെയാണ് മസ്‌കുലോ സ്‌കെലറ്റല്‍ പെയിന്‍ എന്ന് പറയുന്നത്. അപകടങ്ങള്‍, വീഴ്ച മൂലമുണ്ടാകുന്ന പരിക്കുകള്‍, ലിഗമെന്റുകള്‍ക്കും ടെന്റണുകള്‍ക്കും സംഭവിക്കുന്ന വലിച്ചില്‍, സന്ധികള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം തുടങ്ങിയവയാണ് ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നത്.

ഇരിക്കുന്നതിലും കിടക്കുന്നതിലുമുള്ള അപാകതകളും വേദനക്ക് വഴിയൊരുക്കും. പോശ്ചറല്‍ സ്‌ട്രെയിന്‍ എന്നാണ് ഇത്തരം ബുദ്ധിമുട്ടുകളെ വിളിക്കുന്നത്. ഇത് മൂലം കഴുത്ത്, പുറം, നടുഭാഗം, നെഞ്ച്, കൈകാലുകള്‍ എന്നിവിടങ്ങളിലൊക്കെ വേദന അനുഭവപ്പെടാന്‍ സാധ്യത ഉണ്ട്. ഒരേ ജോലി സ്ഥിരമായി ചെയ്യുന്നതും വേദനക്ക് കാരണമാകും.

ശരീര വേദനക്കുള്ള മറ്റൊരു കാരണമാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതും ഉദാസീന ജീവിത രീതിയും. പരിചയമില്ലാതെ കനത്ത ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീര വേദനയും മസില്‍ വലിയുകയുമെല്ലാം ചെയ്യും. പതിവില്ലാതെ അമിതമായി വര്‍ക്ക് ഔട്ട് ചെയ്യുന്നതും തെറ്റായ രീതിയില്‍ വെയിറ്റ് ട്രെയിനിങ്ങ് എക്‌സര്‍സൈസുകള്‍ ചെയ്യുന്നതുമെല്ലാം വേദന വിളിച്ച് വരുത്തുന്ന കാര്യങ്ങളാണ്.

വേദന മാറ്റാന്‍ പല വഴികള്‍

മസ്‌കുലോ സ്‌കെലറ്റല്‍ വേദന മാറ്റാന്‍ മരുന്നുകള്‍ മുതല്‍ ഫിസിയോ തെറാപ്പി ഉള്‍പ്പെടെ പല മാര്‍ഗങ്ങളുണ്ട്. ഓയിന്‍മെന്റുകള്‍, സ്‌പ്രേകള്‍, ഗുളികകള്‍, ഉറക്ക ഗുളികകള്‍, ഉഴിച്ചില്‍, തിരുമ്മ് ചികിത്സ തുടങ്ങിയ ആയുര്‍വേദ മുറകള്‍ എന്നിവയെല്ലാമാണ് സാധാരണയായി ചെയ്യാറുള്ള ചികിത്സകള്‍.

ഇതില്‍ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് വേദനസംഹാരികള്‍ ഉപയോഗിച്ച് വേദന മാറ്റുന്ന രീതിയാണ്. രോഗികള്‍ക്ക് അനാള്‍ജസിക് ഇനത്തില്‍ പെടുന്ന മരുന്നുകളാണ് ഇതിനായി നല്‍കുന്നത്. ഗുളിക രൂപത്തിലും കുത്തിവെപ്പായും നല്‍കാറുണ്ടെങ്കിലും ഇത്തരം മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷത്തെ വിളിച്ചു വരുത്തുന്നവയാണ്. അനിയന്ത്രിതമായി മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിള്‍, വയറിളക്കം, വയറുവേദന, മലബന്ധം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ഉദര സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും കിഡ്‌നി തകരാറിനും ഹൃദയ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ.

ഫിസിയോ തെറാപ്പിയിലൂടെ പരിഹരിക്കാം!

മരുന്നുകള്‍, സ്‌പ്രേ, ഓയിന്‍മെന്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ വേദന മാറ്റാന്‍ കഴിയുമെങ്കിലും ഇതുവഴി താല്‍ക്കാലിക ആശ്വാസം മാത്രമേ ലഭിക്കുകയുള്ളൂ. വേദനയുടെ കാരണം കണ്ടെത്തി അതിനുള്ള ചികിത്സ നല്‍കുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. ഇതിനുള്ള ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ മാര്‍ഗം ഫിസിയോ തെറാപ്പിയാണ്. ഒട്ടുമിക്ക വേദനകളും മരുന്നില്ലാതെ തന്നെ മാറ്റാന്‍ കഴിയും എന്നതാണ് ഫിസിയോ തെറാപ്പിയുടെ പ്രത്യേകത.

മാനുവല്‍ തെറാപ്പിയെ കുറിച്ച് അറിയാം.

വേദന കുറയ്ക്കുന്നതിനും സന്ധികള്‍, മൃദുവായ കോശങ്ങള്‍, ഞരമ്പുകള്‍ എന്നിവയുടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഫിസിയോ തെറാപ്പി ചികിത്സാ രീതിയാണ് മാനുവല്‍ തെറാപ്പി. ഇത് നടുവേദന, കഴുത്ത് വേദന, മുട്ടുവേദന, മയോഫേഷ്യല്‍ പെയിന്‍ സിന്‍ഡ്രോം, ഫൈബ്രോമയാല്‍ജിയ തുടങ്ങി ഒട്ടുമിക്ക വേദനകള്‍ക്കും ഏറെ ഫലപ്രദമാണ്.

വിദഗ്ധരായ ഫിസിയോ തെറാപ്പിസ്റ്റുകള്‍ രോഗികളെ ശാരീരികമായ പരിശോധനകള്‍ക്ക് വിധേയരാക്കി വേദനയുടെ ഉറവിടം കണ്ടെത്തുന്നതും മൂലം വേദനയില്‍ നിന്ന് പൂര്‍ണമായ മുക്തി ലഭിക്കാന്‍ സഹായിക്കുന്നു. സന്ധികളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കാനും ലിഗമെന്റ്, ടെന്റണ്‍ ഉള്‍പ്പെടെയുള്ള മൃദു കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയും. സന്ധികളുടെ അയവ് കൂട്ടാനും മസിലുകളുടെ പിരിമുറുക്കം കുറക്കാനും നീര് കുറക്കാനും ഫലപ്രദമാണ്. ഇതുവഴി വേദനക്ക് വേഗത്തിലുളള ശമനവും ലഭിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാനും ഗുണം ചെയ്യും.

വൈദ്യസഹായം നിര്‍ബന്ധം.

ഏതാനും ദിവസങ്ങള്‍ കൊണ്ട് വേദന മാറുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ സ്വീകരിക്കുന്നതാണ് നല്ലത്. ഒരോരുത്തരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാകും വേദന അനുഭവപ്പെടുന്നത്. ഇത് കണ്ടെത്തി വേണം ചികിത്സ നല്‍കാന്‍. അത് കൊണ്ട് തന്നെ സ്വയം ചികിത്സ പൂര്‍ണമായും ഒഴിവാക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഫിസിയോതെറാപ്പിസ്റ്റ് കൃത്യമായ അസ്സസ്സ്‌മെന്റിലൂടെ ഓരോ വ്യക്തിക്കും അനുയോജ്യമായ തെറാപ്യൂട്ടിക് വ്യായാമങ്ങള്‍ ആണ് രോഗചികിത്സക്കായി ഉപയോഗിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് കാരണം കണ്ടെത്തുന്നത്.

ജീവിത ശൈലി മാറ്റാം.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തത്, ഉദാസീന ജീവിത രീതി, കടുത്ത ജോലി ഭാരം, വിശ്രമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങി ജീവിത ശൈലിയിലെ അപാകതകളാണ് ശരീര വേദനകളുടെ പ്രധാന കാരണങ്ങളിലൊന്ന്. ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങള്‍ പോലും വലിയ രീതിയില്‍ ഗുണം ചെയ്യുന്നവയാണ്.

കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വഴിയും ശാരീരിക വേദനകളെ പ്രതിരോധിക്കാന്‍ സഹായിക്കും. വ്യായാമം ജീവിതചര്യയാക്കി മാറ്റുകയും ഇതിനായി ദിവസവും കുറഞ്ഞത് 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ മാറ്റി വെക്കുകയും ചെയ്യുക. ജങ്ക് ഫുഡ് ഉള്‍പ്പെടെ മോശം ഭക്ഷണ രീതി ഒഴിവാക്കി ആരോഗ്യകരമായ ഡയറ്റ് പിന്തുടരാന്‍ ശ്രദ്ധിക്കുക. ദിവസം കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങാനും ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുകയും അത് വഴി ജീവിത നിലവാരം ഉയര്‍ത്താനും ശ്രമിക്കേണ്ടതുണ്ട്.

അവസാനമായി ഒന്നോര്‍ക്കുക. വേദന വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വേദന വരാതെ നോക്കുന്നതാണ്.!

തയ്യാറാക്കിയത് : അഷ്‌ക്കര്‍ അലി കേളാട്ട്, ഹെഡ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിസിയോതെറാപ്പി, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്