സ്പന്ദനം പദ്ധതി ; ഹൃദ്രോഗ പരിശോധനകള്‍ക്ക് വന്‍ ഇളവുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

Posted on: September 9, 2023

കോഴിക്കോട് : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വേണ്ടി സമഗ്ര ഹൃദയ പരിശോധന പദ്ധതിയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. സ്പന്ദനം പദ്ധതി എന്ന പേരില്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ശതമാനം ഇളവോടെ പരിശോധനകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 4500 രൂപ ചെലവ് വരുന്ന പരിശോധനകള്‍ സ്പന്ദനത്തിലൂടെ 1900 രൂപക്കാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ലുക്മാന്‍ പൊന്‍മാടത്ത് നിര്‍വഹിച്ചു.

തിരക്കേറിയ ജീവിതത്തിനിടയില്‍ ഹൃദയാരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്ന യുവതലമുറക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമാസം നീണ്ടു നില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യം കണക്കാക്കുന്നതിനായി കാര്‍ഡിയോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ ചെയ്യുന്ന പ്രധാന പരിശോധനകളായ ഇ.സി.ജി, എക്കോ, ടി.എം.ടി തുടങ്ങിയവക്കൊപ്പം സി.ബി.സി. എഫ്.ബി.എസ്, എച്ച്.ബി.എ.1.സി, ലിപിഡ് പ്രൊഫൈല്‍, എസ്.ജി.പി.റ്റി, ക്രിയാറ്റിനിന്‍ ഉള്‍പ്പെടെയുള്ള രക്തപരിശോധനകളും ഉള്‍പെടുന്നതാണ് പാക്കേജ്. പരിശോധനകളിലൂടെ രോഗസാധ്യതകളെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കഴിയും. പ്രായമായവര്‍ക്കും നിര്‍ധനര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ടെസ്റ്റുകളും അര്‍ഹരായവര്‍ക്ക് സൗജന്യ നിരക്കില്‍ തുടര്‍ചികിത്സയുമാണ് ആസ്റ്റര്‍ മിംസ് വാഗ്ദാനം ചെയ്യുന്നത്.

നേരത്തെ വയോധികരില്‍ കൂടുതലായി കണ്ടു വന്നിരുന്ന ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ ഇന്ന് യുവാക്കളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ജീവിത രീതിയില്‍ വന്ന മാറ്റങ്ങളും ഹൃദയത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ ചെറുപ്പക്കാര്‍ കാണിക്കുന്ന അവഗണനയുമാണ് ഇതിന് കാരണം. ജിമ്മിലും കായികാധ്വാനത്തിനുമിടയിലും മറ്റും സംഭവിക്കുന്ന അപകടങ്ങളും ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ മിംസ് ഇങ്ങനെയൊരു പദ്ധതിക്ക് മുന്‍കൈയെടുക്കുന്നത്. വനിതകള്‍ക്ക് ഹൃദ്രോഗ സാധ്യത വിരളമാണെന്ന മിഥ്യാ ധാരണ നിലനില്‍ക്കെ പരിശോധനകളിലൂടെ യാഥാര്‍ഥ്യം മനസിലാക്കുക എന്നതും ലക്ഷ്യമാണ്.

ജോലിത്തിരക്കുകളും അമിതമായ ചെലവും കാരണം പലരും സ്ഥിരമായി മാറ്റിവെക്കാറുള്ള പരിശോധനകളാണ് ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്റ്റര്‍ മിംസ് ഒരു കുടക്കീഴില്‍ ഒരുക്കുന്നത്. എല്ലാപ്രായക്കാര്‍ക്കും എളുപ്പത്തില്‍ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി തിരിച്ചറിയാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.

നിലവില്‍ ഹൃദ്രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും, കുടുംബത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരും, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരും ഈ പരിശോധനകള്‍ക്ക് വിധേയരാകുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും സഹായിക്കും. മുന്‍കൂട്ടിയുള്ള ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കൂ. ബുക്ക് ചെയ്യുന്നതിനായി 9539425653, 7559835000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഒരു മാസത്തേക്ക് മാത്രമാണ് കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയുള്ളൂ. ഈ ദിവസങ്ങളില്‍ നടത്തുന്ന പരിശോധനകളില്‍ ഹൃദയത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ അര്‍ഹരായവര്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.