പത്ത് വര്‍ഷം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകള്‍ ; സുവര്‍ണ നേട്ടവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: December 19, 2023

കൊച്ചി : ചുരുങ്ങിയ കാലം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. സുവര്‍ണ നേട്ടം കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയരായവരുടെ ഒത്തുചേരലും സംഘടിപ്പിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ സംവിധായകന്‍ സിബി മലയില്‍ മുഖ്യാതിഥിയായി.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഈ നേട്ടം കൈവരിച്ചത്. ഇവിടുത്തെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍, യൂറോളജി, സര്‍ജിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ, വുമണ്‍സ് ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലായാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന നൂതന ചികിത്സാരീതിയാണ് റോബോട്ടിക് സര്‍ജറി. കൂടുതല്‍ കൃത്യത ഉറപ്പു വരുത്താനും സങ്കീര്‍ണതകള്‍ കുറക്കാനും കഴിയും എന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ പ്രത്യേകത.

റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയരായ നൂറോളം രോഗികളും അവരുടെ കുടുംബാംഗങ്ങളും വിജയാഘോഷത്തില്‍ പങ്കെടുത്തു. രോഗികളും അവരെ ചികിത്സിച്ച ഡോക്ടര്‍മാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ചുരുങ്ങിയ കാലയളവില്‍ 5000 റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ആസ്റ്റര്‍ മെഡ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ നേട്ടമാണെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. ഈ നേട്ടത്തില്‍ ഇവിടുത്തെ മികച്ച ഡോക്ടര്‍മാരുടെയും അത്യാധുനിക സൗകര്യങ്ങളുടെയും പങ്ക് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.