കേരളത്തില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍

Posted on: May 21, 2020

കൊച്ചി : യുഎഇ സര്‍ക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിനു കൂടുതല്‍ കരുത്തുപകരാന്‍ കേരളത്തില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍. അടിയന്തര പരിചരണത്തില്‍ വൈദഗ്ധ്യമുള്ള നഴ്‌സുമാര്‍, ഡോക്ടര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ സംഘത്തിലുണ്ട്.

യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു പിരചയ സമ്പന്നരാണ് സംഘത്തിലെ 30 പേര്‍. അവധിക്കു നാട്ടില്‍ വന്നു ലോക്ക്ഡൗണ്‍ കാരണം തിരിച്ചു പോവാനാകാതെ നാട്ടില്‍ കുടുങ്ങിയതാണിവര്‍. സംഘത്തിലെ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്.

കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ മാതൃസ്ഥാപനമായ യുഎഇയിലെ വിപിഎസ് ഹെല്‍ത്ത്‌കെയറാണ് ഇവരെ റിക്രൂട്ട് ചെയ്തത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു അബുദാബിയിലേക്കുള്ള യാത്ര.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

TAGS: VPS Healthcare |