ഷീല ഫിലിപ്പോസിനും പി.എം. അബ്ദുൽ സലാമിനും ഗ്രാൻഡ് അച്ചീവേഴ്‌സ് പുരസ്‌കാരം

Posted on: May 3, 2019

ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാൻഡ് അച്ചീവേഴ്‌സ് പുരസ്‌കാരം ഖത്തറിലെ പ്രമുഖ സംരംഭകരായ ഷീല ഫിലിപ്പോസും പി.എം. അബ്ദുൽ സലാമിനും സമ്മാനിച്ചു.

അമേരിക്കയിലെ പ്രമുഖ അറ്റോർണി തോമസ് ആക്‌സലി ഇരുവർക്കും അവാർഡ് സമ്മാനിച്ചു. പീസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശെൽവിൻ കുമാർ, പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര, വൈസ് പ്രസിഡന്റ് ഡോ. ശാന്തി ഒമഗണ്ടം, ഡയറക്ടർ ക്രസീല ജൈസണ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വാഷിംഗ്ടണിലെ മാരിയറ്റ് മാർക്യൂസ് ഹോട്ടലിലെ കാത്തലിക് യൂണിവേഴ്‌സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഷീല ഫിലിപ്പോസിന്റെ സൗന്ദര്യ സംരക്ഷണ രംഗത്തെയും വനിതാ സംരംഭകത്വ മേഖലയിലെയും സംഭവാനകൾ കണക്കിലെടുത്ത് അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻകെയർ ഇന്റർനാഷണലിന്റെ അബ്രാഹം ലിങ്കൺ പുരസ്‌കാരം, നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ പ്രവാസി പ്രതിഭാ പുരസ്‌കാരം, കൈരളി ടിവിയുടെ ബിസിനസ് എക്‌സലൻസ് പുരസ്‌കാരം, റോട്ടറി ഇന്റർനാഷണലിന്റെ കർമ്മശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

കരുവാറ്റയിൽ ബിസിനസുകാരനായിരുന്ന പെരുമാൾ ജേക്കബും മേരിക്കുട്ടിയുമാണ് മാതാപിതാക്കൾ. കരുവാറ്റ മുഞ്ഞിനാറ്റ് ഷീലാലയത്തിൽ പനച്ചമൂട്ടിൽ എബ്രഹാം ഫിലിപ്പോസ് ആണ് ഭർത്താവ്. മക്കൾ : ടീന തങ്കം ഫിലിപ്പ്, എബ്രഹാം ഫിലിപ്പ്. കൊച്ചുമക്കൾ : ഹാബേൽ, ഹെലൻ, ഹെവൻ. ഷീല ഫിലിപ്പോസ് കല്ലിശേരി ഡോ. കെ. എം. ചെറിയാൻ മൾട്ടി സ്‌പെഷ്യാലിറ്റി ബയോ ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.

കിച്ചൺ എക്യൂപ്‌മെന്റ്‌സ്, ഫിറ്റ്‌നെസ് തുടങ്ങിയ ബഹുമുഖ സംരംഭക മേഖലയിൽ ശ്രദ്ധേയനാണ് പി.എസ് അബ്ദുൽ സലാം. ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കിച്ചണുമായി ബന്ധപ്പെട്ട അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന സ്റ്റാർ കിച്ചൺ എക്യുപ്‌മെന്റ്‌സ്, ക്ലാരിറ്റി ട്രേഡിംഗ്, അത്യാധുനിക ഫിറ്റ്‌നെസ് ഉപകരണങ്ങൾ സജ്ജമാക്കിയ സ്റ്റാർ എൻ സ്‌റ്റൈൽ ഫിറ്റ്‌നെസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ്. പി. എസ്. അബ്ദുൽ സലാം. ഖത്തറിന് പുറമേ ഇന്ത്യയിലും നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. സംരംഭകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനാണ്.