ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ഇനി മുതല്‍ യൂണിമണി

Posted on: July 13, 2019

മസ്‌ക്കറ്റ് : ഒമാനില്‍ മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്കിവരുന്ന മുന്‍ നിര പണമിടപാട് ബ്രാന്‍ഡുകളിലൊന്നായ ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ഇനി മുതല്‍ യൂണിമണി എന്ന പുതുനാമത്തില്‍ അറിയപ്പെടും. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹിസ് എക്‌സലന്‍സി താഹിര്‍ ബിന്‍ സലിം അബ്ദുള്ള അല്‍ അംറി ഔദ്യോഗികമായി യൂണിമണിയുടെ നാമകരണം പ്രഖ്യാപിച്ചു.

മസ്‌കറ്റില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹിസ് എക്‌സലന്‍സി രാകേഷ് അദ് ലഖ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഷെയ്ഖ് സെയ്ഫ് ബിന്‍ ഹാഷില്‍ അല്‍ മസ്‌കരി, ഷെയ്ഖ് മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഹാഷര്‍, ഫിനാബ്ലര്‍ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട്, യൂണിമണി യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രദീപ് കുമാര്‍, യൂണിമണി ഒമാന്‍ കണ്‍ട്രി ഹെഡ് ബോബന്‍ എംപി എന്നിവര്‍ ചടങ്ങിന് ആഭിമുഖ്യം വഹിച്ചു.

ജിസിസി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണികള്‍ ഉള്‍പ്പെടെ ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന യൂണമണി ശൃംഖലയില്‍ യൂണിമണി ഒമാനും ഭാഗമാകുന്നു. ഉപഭോക്താക്കളുടെ പണമിടപാട് സംബന്ധമായ എല്ലാ ആവശ്യങ്ങളും തടസ്സങ്ങളേതുമില്ലാതെ ഏറ്റവും വേഗത്തിലും കൃത്യതയോടെയും സാധിപ്പിക്കുവാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഇത് കൂടുതല്‍ സഹായകമാകും. ഒമാനില്‍ ഉടനീളം ഇപ്പോള്‍ അറുപത് ശാഖകളും എഴുപതോളം ബാങ്കുകളുമായി വിനിമയ ബന്ധവുമുള്ള യൂണിമണി ഒമാന്‍, കൂടുതല്‍ ശാഖകള്‍ ഏര്‍പ്പെടുത്താനും സമഗ്രമായ ഡിജിറ്റല്‍ അധിഷ്ഠിത സംവിധാനങ്ങള്‍ വ്യാപിപ്പിക്കാനുമായിരിക്കും സമീപഭാവിയില്‍ ഊന്നല്‍ നല്കുക. നേരിട്ടുള്ള സേവനങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മൊബൈല്‍ ഇടപാടുകളും സ്വയം സേവന സജ്ജമായ കിയോസ്‌കുകളും എല്ലായിടത്തും ലഭ്യമാക്കും.

ഒമാനിലെ ഉപയോക്താക്കള്‍ക്ക് പൊതു പണമിടപാട് സേവനങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍, സെല്‍ഫ് സര്‍വീസ് കിയോസ്‌ക് ഉള്‍പ്പെടെ പല നൂതന സേവന സംവിധാനങ്ങളും ഉത്പന്നങ്ങളും ആദ്യമായി അവതരിപ്പിച്ച ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച്, യൂണിമണിയെന്ന ആഗോള ബ്രാന്‍ഡിന്റെ ഭാഗമാകുന്നതോടെ കൂടുതല്‍ മെച്ചങ്ങളും സൗകര്യങ്ങളും ജനങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കുമെന്നും സുല്‍ത്തോറ്റിലെ ധനവിനിമയ സേവന മേഖലയില്‍ വിപ്ലവകരമായ മാതൃകകള്‍ പ്രവര്‍ത്തിക്കുമെന്നും യൂണിമണി കണ്‍ട്രി ഹെഡ് ബോബന്‍ എം.പി. പറഞ്ഞു.

രണ്ടര ദശകങ്ങളായി സുല്‍ത്താനേറ്റിലെ തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ലഭ്യമാക്കിയ കുറ്റമറ്റ സേവനങ്ങള്‍ക്ക് ജനങ്ങളും അധികൃതരും പങ്കാളികളും നല്‍കിയ സ്വീകരണവും അംഗീകാരവും ആവേശകരമാണെന്നും യൂണിമണിയെന്ന ബ്രാന്‍ഡ് നവീകരണത്തിലൂടെ ആ പങ്കാളിത്തവും പരസ്പര വിശ്വാസവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും യൂണിമണി യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രദീപ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഒമാന്‍ തങ്ങള്‍ക്ക് എപ്പോഴും പ്രധാനമായ വിപണിയാണെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലൂടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീകരിച്ച വിപണിയെന്ന നിലക്ക് യൂണിമണിയുടെ വികസിത ഡിജിറ്റല്‍ മൊബൈല്‍ പണമിടപാട് സേവനങ്ങള്‍ക്ക് നല്ല സാധ്യതയുണ്ടെന്നും ഫിനാബ്ലര്‍ ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.