ബഹ്റൈനില്‍ കൊറോണ നിയന്ത്രണവിധേയം

Posted on: March 16, 2020

മനാമ : ബഹ്റൈനില്‍ കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. പരിശോധനയിലും നിരീക്ഷണത്തിലും രോഗമില്ലെന്നുസ്ഥിരീകരണം നടത്തി നിരവധിപേരെ ചൊവ്വാഴ്ചയും വിട്ടയച്ചത് പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ ചൊവ്വാഴ്ച സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ഒരു വാര്‍ഡ് പൂര്‍ണമായും അടച്ചു. ആ വാര്‍ഡില്‍ ജോലിചെയ്ത ഒരു വനിതാഡോക്ടര്‍ക്ക് രോഗംബാധിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാര്‍ഡ് താത്കാലികമായി പൂട്ടിയത്

ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം ബുധനാഴ്ച വാര്‍ഡ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടറുടെ അമ്മ വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. അവരില്‍നിന്നാണ് രോഗം ഡോക്ടര്‍ക്ക് പകര്‍ന്നത്. രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് വാര്‍ഡ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഡോക്ടറെ ചൊവ്വാഴ്ചതന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക ആരോഗ്യസംഘത്തിന് കീഴില്‍ നിരീക്ഷണത്തിലാണ്. ഡോക്ടറുമായി അടുത്തിടപഴകിയിരുന്ന മെഡിക്കല്‍ സ്റ്റാഫിനെയും രോഗികളെയും പ്രത്യേകമായി പരിശോധിച്ചു വൈറസ്
ബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് വീടുകളിലേക്ക് വിട്ടയച്ചത്. ഇവരോട് 14 ദിവസം അവധിയെടുത്തിരിക്കാന്‍ പറഞ്ഞിരിക്കുകയാണ്. ശമ്പളത്തോടെയുള്ള അവധിയാണ് ഇവര്‍ക്ക് നല്‍കുക.

കൂടാതെ സീഫില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഡെന്റല്‍ ക്ലിനിക്കും ചൊവ്വാഴ്ച അധികൃതര്‍ പൂട്ടാന്‍ ഉത്തരവിട്ടു. അവിടത്തെ ഡോക്ടര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഈ ഡോക്ടര്‍ കഴിഞ്ഞദിവസം കോവിഡ്-19 സ്ഥിരീകരിച്ച ഒരുരാജ്യത്തുനിന്ന് വന്നിറങ്ങിയതിനെത്തുടര്‍ന്ന് 14 ദിവസം വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹം ഇത് ചെവിക്കൊള്ളാതെ ക്ലിനിക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ പരിരക്ഷ നിയമമനുസരിച്ച് നടപടി സ്വീകരിച്ചത്. ഈ നിയമമനുസരിച്ചുള്ള ശിക്ഷ, മൂന്നു മാസത്തില്‍ കുറയാതെയുള്ള തടവും കുറഞ്ഞത് 1000 ദിനാര്‍ പിഴയുമാണ്. ഇദ്ദേഹത്തെ
പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കി ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. പ്രൊഫഷണല്‍ മര്യാദ ലംഘിച്ചതിനെതിരേ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയില്‍നിന്ന് ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാകും.

സനദ് വില്ലേജില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കഫ്ത്തീരിയയും അധികൃതര്‍ ചൊവ്വാഴ്ച പൂട്ടി. രോഗബാധയുള്ള ഒരു രാജ്യത്തുനിന്ന് വന്നിറങ്ങിയ രണ്ടുപേര്‍ ഇവിടം സന്ദര്‍ശിച്ചതിന്റെപേരിലാണ് കഫ്ത്തീരിയ പൂട്ടിയത്. ഇവരോട് 14 ദിവസം വീട്ടില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് പാലിച്ചില്ല. രോഗം
മറ്റുള്ളവരിലേക്ക് പകരുമെന്നതു കണക്കിലെടുക്കാതെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനു ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളും ശൂറാ കൗണ്‍സില്‍ അംഗങ്ങളും വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ഗുദബിയ പാലസില്‍ കൂടിക്കാഴ്ചനടത്തി. രാജ്യത്തെ കൊറോണ വൈറസ് വെല്ലുവിളികളെ നേരിട്ടുകൊണ്ട് രാജ്യത്തെ പൗരന്മാരും വിദേശികളും ഒറ്റക്കെട്ടായി പ്രതിരോധവുമായി സഹകരിച്ചതാണ് വിജയംകണ്ടതെന്ന് കിരീടാവകാശി പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.