ഇന്ത്യയിലെ 50-ാമത് പുനരുപയോഗ ഊര്‍ജ പദ്ധതിയുമായി ആമസോണ്‍

Posted on: November 2, 2023

കൊച്ചി : ആമസോണ്‍ മഹാരാഷ്ട്രയിലെ ഒസാമാബാദില്‍ 198 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ ശേഷി 1.1 ജിഗാവാട്ടും ആയും ഉയര്‍ന്നു. ആഗോള തലത്തില്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഏറ്റവും കൂടുതല്‍ വാങ്ങുന്ന കമ്പനി എന്ന സ്ഥാനം 2020 മുതലുള്ള ആമസോണ്‍ ഈ നീക്കത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതി വാങ്ങുന്ന കമ്പനി എന്ന സ്ഥാനവും സ്വന്തമാക്കിയതായി ബ്ലൂംബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സ് ഡാറ്റയില്‍ സൂചിപ്പിക്കുന്നു.

2014 മുതല്‍ 2022 വരെ കമ്പനിയുടെ സൗരോര്‍ജ്ജ, കാറ്റാടി ഫാമുകള്‍ വഴി 2885 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടപ്പാക്കി. രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് ഏകദേശം 87 മില്യണ്‍ യുഎസ് ഡോളര്‍ (719 കോടി രൂപ) സംഭാവന ചെയ്യുകയും 2022-ല്‍ മാത്രം 20,600-ലധികം മുഴുവന്‍ സമയ പ്രാദേശിക ജോലികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.

2022-ല്‍ മുംബൈയിലെയും ഹൈദരാബാദിലെയും ആമസോണ്‍ വെബ് സേവനങ്ങളുടെ മേഖലകളില്‍ ഉപയോഗിച്ച വൈദ്യുതി 100 ശതമാനം പുനരുപയോഗ ഊര്‍ജമായിരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രമാണ് പുനരുപയോഗ ഊര്‍ജ ഉപയോഗം ഗണ്യമായി വര്‍ധിപ്പിക്കുക എന്നതാണെന്ന് ആമസോണ്‍ ഇന്ത്യ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അഭിനവ് സിങ് പറഞ്ഞു. 2025-ഓടെ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും 100 ശതമാനം പ ുനരുപയോഗ ഊര്‍ജം എന്ന സ്ഥിതി കൈവരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണിന്റെ ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ നിക്ഷേപങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് രാജ്യത്ത് പുനരുപയോഗ ഊര്‍ജം വാങ്ങാന്‍ കൂടുതല്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സഹായകമാകുമെന്നും പുനരുപയോഗ ഊര്‍ജ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദിനേശ് ദയാനന്ദ് ജഗ്ദലെ പറഞ്ഞു.

ഏറ്റവും വലിയ കാറ്റാടി ഊര്‍ജ്ജ ഉത്പ്പാദന ആവാസവ്യവസ്ഥയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളില്‍ ഒരാളായി മാറുന്നതിലേക്കും ഈ കാല്‍വെയ്പ്പ് വഴിയൊരുക്കുന്നു. പുനരുപയോഗ ഊര്‍ജത്തില്‍ നിന്നുള്ള 50 ശതമാനം ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ആമസോണ്‍ പോലുള്ള കമ്പനികളെ രാജ്യത്ത് 100 ശതമാനം പുനരുപയോഗ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തങ്ങളുടെ പുനരുപയോഗ ഊര്‍ജ മേഖല സഹായിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Amazon |