പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് സൊല്യൂഷന്‍ ഉപയോഗിക്കുന്നതിനുള്ള പേറ്റന്റിന് അപേക്ഷിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ്

Posted on: June 29, 2022

കൊച്ചി : ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്‌റെജ് അപ്ലയന്‍സസ് സുസ്ഥിര പാക്കേജിംഗ് ഉപയോഗിച്ച് റഫ്രിജറേറ്റര്‍ പാക്കേജിംഗില്‍ നിന്നുള്ള കാര്‍ബണ്‍ സാന്നിധ്യം പകുതിയായി കുറയ്ക്കുന്നു. തെര്‍മോകോള്‍ എന്നറിയപ്പെടുന്ന എക്‌സ്പാന്‍ഡഡ് പോളിസ്‌റ്റൈറൈന്‍ ഫോമിന് (ഇപിഎസ്) പകരം കടലാസ് അധിഷ്ഠിത ഹണി കോമ്പ് (എച്ച്‌സി) പാക്കേജിംഗാണ് കമ്പനി കൊണ്ടുവരുന്നത്. കമ്പനിയുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതാണ് പുതിയ നടപടി.

പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക് സംയുക്തമായ പോളിസ്‌റ്റൈറൈനില്‍ നിന്നാണ് ഇപിഎസ് നിര്‍മിക്കുന്നത്. ഇത് പരിസ്ഥിതിയില്‍ പൂര്‍ണമായും അലിഞ്ഞുചേരാന്‍ പതിറ്റാണ്ടുകള്‍ എടുക്കും. അതേസമയം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ ഇപിഎസ് പാക്കേജിംഗിന് മികച്ച ബദലാണ് എച്ച്‌സി പാക്കേജിംഗ്. പുനരുപയോഗിക്കാവുന്ന ഇത് പരിസ്ഥിതി സൗഹൃദവുമാണ്. കൂടാതെ ഓരോ ഉല്‍പ്പന്നത്തിനും 4.2 കി.ഗ്രാം കാര്‍ബണ്‍ഡയോക്‌സൈഡ് (സിഒ2) ആണ് ഇപിഎസ് പാക്കേജിംഗ് പുറപ്പെടുവിക്കുന്നതെങ്കില്‍ എച്ച്‌സി പാക്കേജിംഗില്‍ ഇത് ഒരുകിലോയില്‍ താഴെ മാത്രമാണ്.

രണ്ട് തരത്തിലുള്ള പാക്കേജിംഗിന്റെ പാരിസ്ഥിതിക ആഘാത വ്യത്യാസം പ്രദര്‍ശിപ്പിക്കുന്നതിന് ഗോദ്‌റെജ് അപ്ലയന്‍സസ് നൂറ് റഫ്രിജറേറ്ററുകളുടെ പേപ്പര്‍ പാക്കേജിംഗ് ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തിയിരുന്നു. ഇപിഎസിന് വിപരീതമായി എച്ച്‌സി പേപ്പര്‍ പാക്കേജിംഗിന് ആഗോളതാപനം 81 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം വെളിപ്പെടുത്തി.

തെര്‍മോകോള്‍ ഉപയോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നിയമം വരുന്നതിന് മുമ്പ് 2019ല്‍ തന്നെ കടലാസ് അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് നടപ്പിലാക്കിയെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. 2023-24ഓടെ തങ്ങളുടെ ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയിലുടനീളം നൂറ് ശതമാനം ഗ്രീന്‍ പാക്കേജിംഗ് നടപ്പിലാക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Godrej |