സപ്‌ളൈകോയുടെ 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിപണനം നടത്തും: ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍

Posted on: February 12, 2021

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി സപ്‌ളൈകോയുടെ കീഴിലുള്ള 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണനം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

സപ്‌ളൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ ശ്രേണിയിലുള്ള ഔട്ട്‌ലെറ്റുകള്‍ വഴി കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഉത്പന്നങ്ങളുടെ ആദ്യവില്പനയും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

വ്യാപാര മേഖലയിലേക്ക് മൂലധനശക്തികള്‍ കടന്നു വരുന്നത് ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാവുന്നുണ്ട്. കുടുംബശ്രീയുമായി സംയോജിച്ചു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായ സപ്‌ളൈകോ വഴി വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തെ ശക്തിപ്പെടുത്താന്‍ കഴിയും. ഇന്ന് വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ അവര്‍ക്ക് തന്നെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സപ്‌ളൈകോയ്ക്ക് കീഴിലുളള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവ ആധുനികവല്‍ക്കരിക്കാന്‍ സാധിച്ചട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സപ്ലൈകോയില്‍ എത്തുന്ന ഉപഭോക്താക്കളില്‍ ഏറെയും വീട്ടമ്മമാരാണ്.

അവര്‍ക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് സപ്‌ളൈകോ സഹായിക്കും. സംസ്ഥാനത്ത് സപ്‌ളൈകോയുടെ കീഴില്‍ 1600 ല്‍പരം വിപണനശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഏഴു സ്ഥലങ്ങളില്‍ കൂടി വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരികയാണ്. ഇതു കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സപ്‌ളൈകോ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെല്ലാം കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ വിപണനത്തിനെത്തിക്കും. ഇതുവഴി നിരവധി വനിതകള്‍ക്ക് തൊഴിലവസരവും വരുമാനവും ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ രംഗത്തു രാജ്യത്തിനു തന്നെ മാതൃകയായി മാറിയ സപ്‌ളൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതു വഴി കുടുംബശ്രീയുടെ മാര്‍ക്കറ്റിംഗ് സംവിധാനത്തിനും സംരംഭകര്‍ക്കും വലിയ തോതിലുള്ള പിന്തുണയാണ് സപ്‌ളൈകോ നല്‍കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സപ്‌ളൈകോയുടെ 500 കേന്ദ്രങ്ങളിലും ഉത്പന്നങ്ങള്‍ എത്തിച്ച് വിപണനം നടത്തുന്നതു വഴി 4000 വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനം നേരിട്ട പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജനക്ഷേമത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികളോട് മാതൃകാപരമായ നിലപാടു പുലര്‍ത്താന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇതിന് സപ്‌ളൈകോയുമായുളള സംയോജനം വലിയ തോതില്‍ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ സംരംഭകരുടെ വരുമാന വര്‍ധനവിന് സപ്‌ളൈകോയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വളരെയധികം പിന്തുണ നല്‍കുന്നുണ്ടെന്ന് പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള സപ്‌ളൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ അവസരം ലഭിച്ചത് മികച്ച തുടക്കമാണെന്നും ഇത് കുടുംബശ്രീയുടെ മാര്‍ക്കറ്റിംഗ് ശൃംഖലയ്ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

സപ്‌ളൈകോയുടെ വിപണന ശൃംഖലയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരു ഷെല്‍ഫ് സ്‌പേസ് നല്‍കുന്നതാണ് പദ്ധതി. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയ്ക്ക് സപ്‌ളൈകോയുടെ വഴുതക്കാട്, ശ്രീകാര്യം എന്നിവിടങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ക്കായി ഷെല്‍ഫ് സ്‌പേസ് ഒരുക്കിയിട്ടുള്ളത്. ഈ രണ്ടു കേന്ദ്രങ്ങളിലും പത്ത് സംരംഭകര്‍ തയ്യാറാക്കിയ ധാന്യപ്പൊടികള്‍, അച്ചാറുകള്‍, കറിപ്പൊടികള്‍ എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കും. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ 500 കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

മന്ത്രി.പി തിലോത്തമന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നല്‍കി ആദ്യ വില്പന നിര്‍വഹിച്ചു. സപ്‌ളൈകോ ജനറല്‍ മാനേജര്‍ ആര്‍.രാഹുല്‍ ഐ.ആര്‍.എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.രാഖി രവി കുമാര്‍, സപ്‌ളൈകോ റീജിയണല്‍ മാനേജര്‍ വി.ജയപ്രകാശ്, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഷൈജു, മുഹമ്മദ് ഷാന്‍ എന്നിവര്‍ പങ്കെടുത്തു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കുടുംബശ്രീ

TAGS: Kudumbasree | Suplico |