പോപ്പുലര്‍ റാലി : മന്ത്രി എ.കെ.ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു

Posted on: December 21, 2019


കോട്ടയം: എഫ്.എം.എസ്.സി.ഐ ദേശീയ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടായ പോപ്പുലര്‍ റാലിക്ക് കോട്ടയത്ത് ഫ്ളാഗ് ഓഫ്. ഹോട്ടല്‍ വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ കെ.പോള്‍, മുഴുവന്‍ സമയ ഡയറക്ടര്‍ ഫ്രാന്‍സിസ് കെ.പോള്‍, പോപ്പുലര്‍ റാലി സി.ഒ.സി ഗിരിജ ശങ്കര്‍ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന പോപ്പുലര്‍ റാലി എല്ലാ വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് സംഘടിപ്പിക്കുന്നതെന്നും, സര്‍ക്കാരിന്റെയും, പൊതുജനത്തിന്റെയും സഹകരണമാണ് ഏറ്റവും പ്രധാനമെന്നും ജോണ്‍ കെ പോള്‍ പറഞ്ഞു.

ഐ.എന്‍.ആര്‍.സി ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടായ പോപ്പുലര്‍ റാലിയായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമ വിജയികളെ നിശ്ചയിക്കുക. കാറുകളുടെ പരിശോധനയും, റെക്കിയും ഇന്ന് (20.12.2019 – വെള്ളി) ആണ്. റാലിയുടെ സ്പെഷ്യല്‍ സ്റ്റേജുകള്‍ നാളെ (21.12.2019 – ശനി ) കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിടനാട് ടൗണ്‍ പരിസരങ്ങളിലെ തെരഞ്ഞെടുത്ത ടര്‍മാക്ക് പ്രതലത്തിലൂടെയായിരിക്കും . ഞായറാഴ്ച (22.12.2019) അതിരാവിലെ നടക്കുന്ന 2 സ്പെഷ്യല്‍ സ്റ്റേജും കൂടി പിന്നിട്ട ശേഷം റാലി ഡ്രൈവര്‍മാര്‍ വൈകിട്ടോടെ കോട്ടയത്ത് എത്തിച്ചേരും. വൈകീട്ട് 5 മണിക്ക് ഹോട്ടല്‍ വിന്‍ഡ്സര്‍ കാസിലില്‍ നടക്കുന്ന സമ്മാനദാനത്തോടെ റാലിക്ക് തിരശീല വീഴും. പോപ്പുലര്‍ റാലി 2019 ല്‍ ഐ.എന്‍.ആര്‍.സി ക്ലാസ് 1,2,3,4. ജെ.ഐ.എന്‍.ആര്‍.സി, എസ്.യു.വി ക്ലാസ്, എസ്റ്റീം ക്ലാസ് ഉള്‍പ്പെടെ 37 വാഹനങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നു.

പോപ്പുലര്‍ റാലി 2019 ല്‍ രാജ്യത്തെ എല്ലാ മുന്‍നിര റാലി ഡ്രൈവര്‍മാരുടെയും പങ്കാളിത്തമുണ്ട് . ഐ.എന്‍.ആര്‍.സി യുടെ നിലവിലത്തെ പ്രമോര്‍ട്ടറായ ടീം ചാംപ്യന്‍സിനെ കൂടാതെ, ഫാക്ടറി ടീമുകളായ മഹീന്ദ്ര, ഫോക്സ്വാഗണ്‍ എന്നിവരും റാലിയുടെ ഭാഗമാകുന്നു. ലോക റാലി ചാംപ്യന്‍ഷിപ്പ് 2 വിഭാഗത്തില്‍ നിലവിലെ മത്സരാര്‍ത്ഥിയും, മൂന്ന് തവണ ഏഷ്യ പസിഫിക്ക് റാലി ചാംപ്യനും, അര്‍ജുന അവാര്‍ഡ് ജേതാവുമായ ഗൗരവ് ഗില്‍, അമിത്ത്രജിത് ഘോഷ് എന്നിവര്‍ ടീം മഹീന്ദ്രയ്ക്കായി അണിനിരക്കുന്നു. ചാംപ്യന്‍ ഡ്രൈവര്‍മാരായ കര്‍ണ്ണ കടൂര്‍, ഡീന്‍ മസ്‌കരേനസ്, വിക്രം റാവു, നിലവിലെ ചാംപ്യന്‍ ലീഡറായ ചേതന്‍ ശിവറാം തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കേരള ഡ്രൈവര്‍മാരുടെ പടയെ നയിക്കുക ഡോ. ബിക്കു ബാബുവിനോടൊപ്പം കേരള റാലിയുടെ ഉദിച്ച് വരുന്ന താരങ്ങളും, ഐ.എന്‍.ആര്‍.സി. യിലെ നിരന്തര മത്സരാര്‍ത്ഥികളുമായ ഫബിദ് അഹ്മര്‍, യൂനിസ് ഇല്യാസ്, ജേക്കബ് കെ. ജെ., അദിത് കെ.സി, നൗഫല്‍ സയ്യീദ്, പ്രേം കുമാര്‍, പ്രദീപ് കുമാര്‍, സൂരജ് തോമസ് എന്നിവരും മാറ്റുരയ്ക്കുന്നു.

TAGS: Popular Rally |