കേരളത്തെ ഡിസൈന്‍ ഹബ് ആക്കും, 12-ന് ആരംഭിക്കുന്ന ഡിസൈന്‍ വീക്ക്-ല്‍ ചര്‍ച്ചകള്‍

Posted on: December 5, 2019

തിരുവനന്തപുരം: വിവിധ മേഖലകളില്‍ രൂപകല്‍പനയ്ക്കുള്ള സുപ്രധാന കേന്ദ്രമാക്കി (ഹബ്) കേരളത്തെ മാറ്റാനുള്ള ചര്‍ച്ചകള്‍ ഡിസംബര്‍ 12, 13, 14 തിയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഡിസൈന്‍ വീക്ക്-ല്‍ നടക്കും.

ഡിസംബര്‍ 14 ന് നടക്കുന്ന സമാപന സമ്മേളനത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ബോള്‍ഗാട്ടി പാലസ് വേദിയാകുന്ന ഡിസൈന്‍ വീക്ക്, ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള മികച്ച രൂപകല്‍പ്പനകള്‍ വന്‍തോതില്‍ ലഭ്യമാക്കുന്നതിന് ഡിസൈന്‍ ഉച്ചകോടി ഊന്നല്‍ നല്‍കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ മേഖലയില്‍ മികവിന്റെ കേന്ദ്രം (സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസൈന്‍) അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിയില്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസൈന്‍ ഒരു ആഡംബരമെന്ന മുന്‍വിധി ഒഴിവാക്കി കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന നിലയിലേയ്ക്ക് കൊണ്ടുവരാനാണ് ഡിസൈന്‍ വീക്കിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹുരാഷ്ട്ര കമ്പനികളും വിദേശത്തുനിന്നടക്കമുള്ള സ്ഥാപനങ്ങളും കേരളത്തില്‍ രൂപകല്‍പ്പന ലക്ഷ്യമാക്കിയുള്ള ഡിസൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കാളികളാകും. സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്തരാഷ്ട്ര സംഘടനകളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റേയും ഇന്ററാക്ഷന്‍ ഡിസൈന്‍ അസോസിയേഷന്റേയും സഹകരണമുണ്ട്.

പ്രമുഖ സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റ്, യൂട്യൂബ്, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഇന്‍ഫോസിസ്, ഐഎസ്സിഎ ലണ്ടന്‍, ഇന്‍ഡിഗോ എയന്‍ലൈന്‍സ്, ടൈറ്റാന്‍ കമ്പിനി, പിഡബ്ല്യുസി എന്നിവിടങ്ങളിലെ നൂറോളം വിദഗ്ധര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. അടിസ്ഥാന സൗകര്യം, നഗരാസൂത്രണം, പരസ്യം, ഉള്ളടക്കം, ശബ്ദം തുടങ്ങിയ തലങ്ങളിലെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയ സെഷനുകള്‍, മാസ്റ്റര്‍ ക്ലാസ് എന്നിവയ്ക്കുപുറമേ പ്രദര്‍ശനങ്ങളും പ്രതിഷ്ഠാപനങ്ങളും ക്രമീകരിക്കും. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗ് സെഷന് നേതൃത്വം നല്‍കും.

ലോകത്തിലെ പ്രധാനപ്പെട്ട ഡിസൈന്‍ കമ്പനികളുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തോടൊപ്പം ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്‍കുബേറ്റ് ചെയ്യാനുള്ള സൗകര്യവും കൊച്ചിയിലെ മികവിന്റെ കേന്ദ്രത്തിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കളമശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് ഈ കേന്ദ്രം തുടങ്ങുന്നത്. പ്രളയത്തിനു ശേഷമുള്ള സുസ്ഥിര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സാങ്കേതികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനത്തില്‍പുതിയ രൂപകല്‍പ്പനകള്‍ കൈക്കൊള്ളാന്‍ ഈ രണ്ടാം പതിപ്പ് സഹായകമാകും.

കഴിഞ്ഞ വര്‍ഷം നടന്ന ഡിസൈന്‍ വീക്കിലെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നി സിലിക്കണ്‍വാലിയിലെ പ്രമുഖ ഉത്പന്ന രൂപകല്‍പ്പന കമ്പനിയായ ലൂമിയം ഡിസൈന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതേ മാതൃകയില്‍ സാമൂഹ്യമാധ്യമ രംഗത്തെ ആഗോള ഭീമ?ാരുള്‍പ്പെടെ കേരളത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ശ്രീ ശിവശങ്കര്‍ അറിയിച്ചു.

അയ്യായിരത്തോളം പ്രതിനിധികള്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയാണ് ഫുഡ്‌ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസൈന്‍ ഉച്ചകോടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ http://kochidesignweek.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.