കൊച്ചി സ്മാർട്‌സിറ്റിയിൽ ക്രിസ്മസ് ആഘോഷം

Posted on: December 20, 2016

കൊച്ചി : പരസ്പര സ്‌നേഹവും സാഹോദര്യവും എന്ന സന്ദേശമുയർത്തി കൊച്ചി സ്മാർട്‌സിറ്റിയിൽ ക്രിസ്മസ് ആഘോഷം നടന്നു. ആലുവയിലെ ഹൈന്ദവ സേവാശ്രമം അധിപതി സ്വാമി പുരന്ദരാനന്ദ, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റും കേന്ദ്ര സമിതിയംഗവും പടമുകൾ ജുമാ മസ്ജിദ് ഇമാമുമായ വി.എച്ച്. അലിയാർ ഖാസിമി, സിഎംഐ സഭാംഗവും രാജഗിരി ബിസിനസ് സ്‌കൂൾ അധ്യാപകനുമായ ഫാ. ഫ്രാൻസിസ് മണവാളൻ എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

അന്യനിൽ ദൈവത്തെ കാണണമെന്നാണ് ക്രിസ്തു പഠിപ്പിച്ചതെന്നും അത് പിന്തുടർന്നാൽ ലോകത്ത് ഇന്ന് കാണുന്ന വിദ്വേഷവും ഉന്മൂലന വെറിയും ഇല്ലാതാകുമെന്നും ഫാ. ഫ്രാൻസിസ് മണവാളൻ പറഞ്ഞു. എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത് പരസ്പര സ്‌നേഹവും സാഹോദര്യവുമാണെന്ന് തുടർന്ന് സംസാരിച്ച സ്വാമി പുരന്ദരാനന്ദ പറഞ്ഞു. വിവിധ മതവിശ്വാസികൾക്കിടയിൽ സ്പർധയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് വി.എച്ച് അലിയാർ ഖാസിമി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി സ്മാർട്‌സിറ്റിയിലെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാരും ജെംസ് പ്ലേസ്‌കൂളിലെ കുട്ടികളും പങ്കെടുത്ത പുൽക്കൂട് ഒരുക്കൽ, കരോൾ മത്സരങ്ങളും ഗാന, നൃത്ത പരിപാടികളും ഗെയിമുകളും അരങ്ങേറി.

സ്മാർട്‌സിറ്റിയുടെ വളർച്ചയിൽ പങ്കാളിയാകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ബേക്കർ ഹ്യൂഗ്‌സ് ജനറൽ മാനേജർ ഓപ്പറേഷൻസ് ജോർജ് ജോസഫ് പറഞ്ഞു. ബേക്കർ ഹ്യൂഗ്‌സ് ഉൾപ്പെടെ 4 കമ്പനികൾ കൂടി ഈ മാസം പ്രവർത്തനമാരംഭിക്കുന്നതോടെ സ്മാർട്‌സിറ്റിയിലെ ജീവനക്കാരുടെ എണ്ണം 1200 ആകും.

ജോലിയോടൊപ്പം വിനോദത്തിനും സ്മാർട്‌സിറ്റി പ്രാമുഖ്യം നൽകുന്നുവെന്ന് സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

TAGS: Smartcity Kochi |