ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍ ഷെയര്‍ഖാന്‍ – എന്‍ഇഎസ്എല്‍ സഹകരണം

Posted on: October 6, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍ഖാന്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂര്‍ണമായും ഡിജിറ്റല്‍വത്ക്കരിക്കുന്നതിന് നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസു (എന്‍ഇഎസ്എല്‍) മായി സഹകരിക്കുന്നു. ഇതോടെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂര്‍ണമായും ഡിജിറ്റലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രോക്കറേജ് സ്ഥാപനമായി മാറും.

ഇതിലൂടെ നിലവിലുള്ള ഡിമാറ്റ് ഡെബിറ്റ്, പ്ലെഡ്ജ് ഇന്‍സ്ട്രക്ഷന്‍ (ഡിഡിപിഐ) രേഖകകളില്‍ നേരിട്ട് ഒപ്പിടല്‍, മുദ്രപ്പത്രവും പ്രിന്റ്ഔട്ടുകളും എടുക്കല്‍ തുടങ്ങിയ വിവിധ പ്രക്രിയകള്‍ ഒഴിവാകുന്നതിനാല്‍ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കള്‍ക്ക് സമയം ലാഭിക്കാന്‍ ഇത് പ്രയോജനപ്പെടും. ഇത് ഡിഡിപിഐ വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനമായും പ്രവര്‍ത്തിക്കും. ഷെയര്‍ഖാന്റെ ഡിജിറ്റല്‍ പദ്ധതികള്‍ പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ഇന്ത്യ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയ്ക്ക് പിന്തുണ നല്‍കുന്ന നീക്കം കൂടിയാണ്.

ഷെയര്‍ഖാന്റെ ഈ കടലാസ് രഹിത ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ മുദ്രപ്പത്രം ശേഖരിക്കല്‍ അടക്കമുള്ള കടലാസ് പ്രക്രിയകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് എളുപ്പമാകുകയും, പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നതുകൂടിയാണെന്ന് ബിഎന്‍പി പാരിബാസ് ഷെയര്‍ഖാന്റെ സിഇഒ ജയ്ദീപ് അറോറ അഭിപ്രായപ്പെട്ടു.

എന്‍ഇഎസ്എല്ലിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് നിര്‍വഹണ സംവിധാനം 24 മണിക്കൂറും ലഭ്യമാണെന്നും റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന ബാങ്കുകളുടെ വായ്പ വിതരണ പ്രക്രിയയില്‍ വലിയ മാറ്റം കൊണ്ടുവന്ന ഈ സംവിധാനം ഇപ്പോള്‍ സെബിയുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം ഉപയോഗിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും എന്‍ഇഎസ്എല്‍ എംഡിയും സിഇഒയുമായ ദേബജ്യോതി റേ ചൗധരി പറഞ്ഞു.

TAGS: Sharekhan |