സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡി വഴി മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ സമാഹരിക്കും

Posted on: November 28, 2022

കൊച്ചി : സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡിയുടെ 29-ാമത് ഇഷ്യൂവിലൂടെ മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള ഈ കടപത്രങ്ങള്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ വാങ്ങാം.

ചെറുകിട, ഹൈ നെറ്റ് വര്‍ത്ത് നിക്ഷേപകര്‍ക്ക് 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ വരുമാനം നല്‍കുന്നതാണ് കടപത്രങ്ങള്‍. കഴിഞ്ഞ തവണത്തെ ഇഷ്യുവിനേക്കാള്‍ 0.25 മുതല്‍ 0.35 ശതമാനം വരെ ഉയര്‍ന്നതാണ് ഈ നിരക്കുകള്‍. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. ഇതില്‍ ലഭിക്കുന്ന 225 കോടി രൂപയുടെ അധിക അപേക്ഷകള്‍ നിലനിര്‍ത്താനുള്ള അവസരം ഉള്‍പ്പെടെ 300 കോടി രൂപയാണ് ആകെ സമാഹരിക്കാനാവുക. ഐസിആര്‍എയുടെ എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിങും ഇഷ്യുവിനുണ്ട്. സാമ്പത്തിക ബാധ്യതകള്‍ കൃത്യ സമയത്തു നിറവേറ്റുന്നതില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ റേറ്റിങ്.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും കടപത്രങ്ങള്‍ അനുവദിക്കുക. തുടര്‍ന്ന് ഇവ ബി എസ് ഇയില്‍ ലിസ്റ്റു ചെയ്യും. പലിശ പ്രതിമാസ, വാര്‍ഷിക അടിസ്ഥാനത്തിലോ കാലാവധിക്കു ശേഷം ലഭിക്കുന്ന രീതിയിലോ ഉള്ള ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താനാവും. കടപത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമിക വായ്പാ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷ കാലാവധിയുള്ള കടപത്രങ്ങള്‍ക്ക് 0.25 ശതമാനം മുതല്‍ 0.35 ശതമാനം വരെ പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിങിനോടൊപ്പം 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെയുള്ള ആകര്‍ഷകമായ നിരക്കും കടപത്രത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

TAGS: Muthoot Finance |