ഡിജിറ്റല്‍ വ്യക്തിഗത വായ്പ ലഭ്യമാക്കാന്‍ നവി – പിരമല്‍ ഫിനാന്‍സ് പങ്കാളിത്തം

Posted on: November 18, 2022

കൊച്ചി : സച്ചിന്‍ ബന്‍സാലും അങ്കിത് അഗര്‍വാളും ചേര്‍ന്ന് ആരംഭിച്ച സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക ഉത്പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന നവി ഗ്രൂപ്പ് ഡിജിറ്റല്‍ വ്യക്തിഗത വായ്പ ലഭ്യമാക്കുന്നതിന് പിരമല്‍ ഫിനാന്‍സ് എന്നറിയപ്പെടുന്ന പിരമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇത് ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ്.

ഉപയോക്താക്കള്‍ക്ക് നവി ആപ്പില്‍ 72 മാസം വരെ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ലഭ്യമാകും. വായ്പാ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലായിരിക്കും. മിനിമം രേഖകള്‍ മാത്രം നല്‍കി വായ്പയ്ക്ക് അപേക്ഷിക്കാം.

സൗകര്യപ്രദമായ തിരിച്ചടവ് വ്യവസ്ഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ നല്‍കുന്ന വായ്പ തുകയുടെ 80 ശതമാനം പിരമല്‍ ഫിനാന്‍സും 20 ശതമാനം നവി ടെക്‌നോളജീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എന്‍ബിഎഫ്‌സി സബ്‌സിഡിയറിയായ നവി ഫിന്‍സെര്‍വുമാണ് നല്‍കുന്നത്.

ഈ പങ്കാളിത്തം നൂറ് കോടി ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ താങ്ങാനാവുന്നതാക്കി മാറ്റുക എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് കമ്പനിയെ ഒരു പടി കൂടി അടുപ്പിക്കുമെന്ന് നവി ടെക്‌നോളജീസ് ചെയര്‍മാനും സിഇഒയുമായ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.

നവിയുമായുള്ള ഈ വായ്പാ വിതരണ പങ്കാളിത്തം തങ്ങളുടെ ബിസിനസ്സിന് ഒരു പുതിയ മാനം നല്‍കുമെന്നും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കുനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും പിരമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജയറാം ശ്രീധരന്‍ പറഞ്ഞു.

 

TAGS: Piramal Finance |