പിരമല്‍ ഫിനാന്‍സ് കേരളത്തിലെ ആദ്യ ഓള്‍ വിമണ്‍ ശാഖയ്ക്കു തുടക്കം കുറിച്ചു

Posted on: July 6, 2023

കൊച്ചി : പിരമല്‍ എന്റര്‍പ്രൈസസിന്റെ സമ്പൂര്‍ണ സബ്സിഡിയറിയും പിരമല്‍ ഫിനാന്‍സ് എന്ന് അറിയപ്പെടുന്നതുമായ പിരമല്‍ ക്യാപിറ്റല്‍ & ഹൗസിംഗ് ഫിനാന്‍സ് കേരളത്തിലെ തങ്ങളുടെ ആദ്യ ഓള്‍ വിമണ്‍ ശാഖയ്ക്ക് തൃപ്പൂണിത്തുറയില്‍ തുടക്കം കുറിച്ചു.

തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കാനുള്ള കമ്പനിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടും വിധം മൈത്രേയി എന്ന പേരാണ് ശാഖയ്ക്കു നല്‍കിയിട്ടുള്ളത്. പുതുതായി തെരഞ്ഞെടുത്തവരും സ്ഥലം മാറിയെത്തിയവരും അടക്കം 7 മുതല്‍ 15 വരെ വനിതാ ജീവനക്കാരാവും ഉണ്ടാകുക. ശാഖയുടെ ഉദ്ഘാടനം പിരമല്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ നിര്‍വഹിച്ചു. തൃപ്പൂണിത്തുറയിലെ മൈത്രേയി ശാഖയില്‍ ഭവന വായ്പയും എംഎസ്എംഇ വായ്പകളും അടക്കമുളള വിപുലമായ സേവനങ്ങളും ഉപഭോക്താക്കളുടെ ആവശ്യവും താല്‍പര്യവും അനുസരിച്ചുള്ള മറ്റു പദ്ധതികളും ലഭ്യമാകും.

പുതിയ ശാഖകള്‍ കൂട്ടിച്ചേര്‍ത്തതോടു കൂടി പിരമല്‍ ഫിനാന്‍സിന് കേരളത്തിലുള്ള സമ്പൂര്‍ണ്ണ ശാഖകളുടെ എണ്ണം 18 ആയി ഉയര്‍ന്നു. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കൊച്ചി, കോട്ടയം തുടങ്ങിയ വിപണികളിലെല്ലാം ഇതിലൂടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ ചെറുപട്ടണങ്ങളിലേക്കു വികസിച്ച് 1000 കേന്ദ്രങ്ങളിലായി 500-600 ശക്തമായ ശാഖകളുടെ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജസ്ഥാനിലെ അജ്മീര്‍ റോഡ്, ന്യൂഡല്‍ഹിയിലെ ഛത്താര്‍പൂര്‍, മഹാരാഷ്ട്രയിലെ മുംബൈ, പഞ്ചാബിലെ മൊഹാലി തുടങ്ങിയവ പോലുള്ള പ്രധാന പട്ടണങ്ങളില്‍ ശാഖകള്‍ ആരംഭിക്കുന്നത് അടക്കമുള്ള തന്ത്രപരമായ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ ശാഖയും.

സാമ്പത്തിക മേഖലയില്‍ വനിതകളെ ശാക്തീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും വിധം കേരളത്തില്‍ മൈത്രേയി ശാഖ ഉദ്ഘാടനം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് പിരമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ പറഞ്ഞു.

2023 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം 26 സംസ്ഥാനങ്ങളിലായി 404 ശാഖകളും 30 ലക്ഷത്തിലേറെ ഉപഭോക്താക്കളുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനികളില്‍ പെട്ട പിരമല്‍ ഫിനാന്‍സ് രാജ്യത്തെ ഇടത്തരം, .ചെറുകിട പട്ടണങ്ങളിലുള്ളവര്‍ക്ക് ഭവന വായ്പകളും എംഎസ്എംഇ വായ്പകളും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കു സേവനം നല്‍കും വിധം വിവിധ പദ്ധതികളുള്ള റീട്ടെയില്‍ വായ്പാ സംവിധാനം നേരിട്ടും ഓണ്‍ലൈനായും ഉള്ള സേവനങ്ങളിലൂടെ ലഭ്യമാക്കുകയാണ്.

TAGS: Piramal Finance |