ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പയുമായി കെ.എഫ്.സി.

Posted on: November 28, 2020

കൊച്ചി : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വാഹന വായ്പാ രംഗത്തേക്ക് ചുവടുവെക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് തുടക്കത്തില്‍ വായ്പ ലഭ്യമാക്കുക. ഇലക്ട്രിക് കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വായ്പ ലഭിക്കും.

കെ.എഫ്.സി. വഴി നല്‍കിവരുന്ന സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ശതമാനം പലിശയില്‍ വായ്പ ലഭ്യമാക്കും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതിയുമായി ചേര്‍ന്ന് നാല് ശതമാനം പലിശയില്‍ വായ്പ നല്‍കും. വാഹനത്തിന്റെ ഓണ്‍ റോഡ് വിലയുടെ 88 ശതമാനം, പരമാവധി 50 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുക. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. വാഹനത്തിന്റെ ഈട് അല്ലാതെ മറ്റ് ജാമ്യവസ്തുക്കള്‍ ഒന്നുമില്ല. സര്‍ക്കാരില്‍നിന്നുള്ള മറ്റ് സബ്സിഡികളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.