അറുപതിന്റെ തിളക്കത്തിൽ കെഎഫ്‌സി

Posted on: December 1, 2013

Kerala-Financial-Corporatio

സേവനത്തിന്റെ മഹത്തായ 60 വർഷം പൂർത്തിയാക്കുന്ന കെഎഫ്‌സി വജ്ര ജൂബിലി ഒരു വർഷം ദീർഘിക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകുന്നേരം നാലിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ നിഖിൽകുമാർ നിർവഹിക്കും. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിക്കും.

വജ്രജൂബിലിയുടെ ഭാഗമായി ഡിസംബർ മൂന്നിനു മസ്‌ക്കറ്റ് ഹോട്ടലിൽ സംരംഭകത്വത്തെപ്പറ്റി ശില്പശാല നടത്തും. 1953 ഡിസംബർ ഒന്നിന് ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷനായി രൂപം കൊള്ളുകയും 1956 ൽ സംസ്ഥാന രൂപീകരണത്തോടെ കേരള ഫിനാൻഷ്യൽ കോർപറേഷനായി. 60 വർഷത്തിനുള്ളിൽ ഏകദേശം 42,000 വ്യവസായങ്ങൾക്ക് കെഎഫ്‌സി വായ്പ അനുവദിച്ചു.

കഴിഞ്ഞ വർഷം 67 കോടി രൂപ ലാഭം നേടുകയും സർക്കാരിന് 16.4 കോടി രൂപ ലാഭവിഹിതം നൽകുകയും ചെയ്തു. കേരള സംസ്ഥാന സർക്കാരിന്റെ നവീന പദ്ധതിയായ സംസ്ഥാന സംരംഭക മിഷൻ കെഎഫ്‌സി നടപ്പിലാക്കിയതോടെ ഏകദേശം 500 പുതു ചെറുകിട വ്യവസായങ്ങൾ നിലവിൽവന്നു കഴിഞ്ഞു. പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ രൂപം നൽകുന്ന ഇന്ററസ്റ്റ് സബ്‌വെൻഷൻ പദ്ധതിയും കെഎഫ്‌സി വഴിയാണു നടപ്പിലാക്കുന്നത്.

പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി അടുത്തകാലത്ത് കെഎഫ്‌സിക്കു ലഭിച്ചു. ഈ വർഷം 800 കോടി രൂപയുടെ വായ്പ ലക്ഷ്യമാണ് കെഎഫ്‌സിക്ക് ഉള്ളത്. 2015 ഓടെ വായ്പാ ആസ്തി 2500 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെഎഫ്‌സി സിഎംഡി പി. ജോയി ഉമ്മൻ പറഞ്ഞു.