കെഎഫ്‌സിയ്ക്ക് 41.34 കോടി രൂപ ലാഭം

Posted on: August 2, 2014

Kerala-Financial-Corporatio

കേരളാ ഫിനാൻഷൽ കോർപറേഷൻ (കെഎഫ്‌സി) അഞ്ചു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ജൂലൈ 30-നു നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ തീരുമാനം. 2013-14 സാമ്പത്തിക വർഷം 41.34 കോടി രൂപ ലാഭം നേടുകയും വായ്പയും വായ്പാ അനുവദിക്കൽ, വിതരണം, തിരിച്ചടവ് തുടങ്ങിയ മേഖലകളിൽ മുൻ വർഷത്തേക്കാളും ഗണ്യമായ വളർച്ചയും രേഖപ്പെടുത്തി.

ഇക്കാലയളവിൽ 966.62 കോടി രൂപയുടെ വായ്പ അനുവദിച്ചു. (58.58 ശതമാനം വർധന). വായ്പാ ആസ്തി 28.47 വർധിച്ച് 1800.37 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി 0.35 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. കെഎഫ്‌സിയുടെ നെറ്റ് വർത്ത് 8.09 ശതമാനം വർധിച്ച് 414.84 കോടി രൂപയും ക്യാപിറ്റൽ ആഡിക്വസി റേഷ്യോ 21.57 ശതമാനവുമാണ്.

മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ശക്തമായ മത്സരം നേരിടുന്നതിനാൽ കെഎഫ്‌സിയ്ക്ക് വായ്പാ പലിശ കുറയ്ക്കുകയും തിരിച്ചടവിലെ പലിശ ഇളവ് കൂട്ടുകയും ചെയ്യേണ്ടി വന്നതായി സിഎംഡി ജോയി ഉമ്മൻ പറഞ്ഞു. 2015 ഓടെ 2500 കോടി രൂപയുടെ വായ്പാ ആസ്തിയാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഇതിനായി ഈ വർഷം 400 കോടിയുടെ ബോണ്ട് സമാഹരണത്തിനും പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാനും ലക്ഷ്യമിടുന്നു.

2014-15 വർഷം 1050 കോടി രൂപയുടെ വായ്പ അനുവദിക്കുകയും 880 കോടി രൂപയുടെ വിതരണവുമാണ് കെഎഫ്‌സിയുടെ ലക്ഷ്യം. സർക്കാർ പ്രഖ്യാപിച്ച ഇന്ററസ്റ്റ് സബ്‌വെൻഷൻ പദ്ധതിയുടെ സഹായത്തോടെ നിർമാണ മേഖലയ്ക്കായിരിക്കും കെഎഫ്‌സി ഊന്നൽ നല്കുക.

നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആരംഭിക്കുന്ന പദ്ധതിയുടെ വായ്പാ അവലോകനത്തിനു സഹായിക്കാൻ ടൈ എന്ന സംഘടനയുമായി കെഎഫ്‌സി ധാരണയിലെത്തിയിട്ടുണ്ട്. ഈ വർഷം കെഎഫ്‌സി വനിത സംരംഭക സഹായ കേന്ദ്രം ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. കൂടാതെ കെഎസ്‌ഐഡിസിയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് ക്യാപിറ്റൽ ഫണ്ടും ആരംഭിക്കും.