ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ ആധാർ ബന്ധിത പേമെന്റ് സംവിധാനം

Posted on: September 10, 2019

ന്യൂഡൽഹി : ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് പ്രവർത്തനം തുടങ്ങിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു. ഇതുവഴി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്ക് ധനകാര്യ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ആനന്ദ് നാരയൺ നന്ദ, ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ സുരേഷ് സേത്തി തുടങ്ങിയവർ പങ്കെടുത്തു.

ഇതോടെ ഏതു ബാങ്കിന്റെ ഇടപാടുകാരനും സേവനം നൽകാവുന്ന വിധത്തിൽ ഏറ്റവും വലിയ ധനകാര്യ സേവന പ്ലാറ്റ്ഫോമുള്ള സ്ഥാപനമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മാറി. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്റർഓപ്പറബിൾ പ്ലാറ്റ്ഫോമാണ് പോസ്റ്റൽ ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ഏതു കോണിലും ബാങ്കിംഗ് സേവനം ലഭ്യമാക്കാനുള്ള ശേഷിയാണ് ഇതുവഴി പോസ്റ്റൽ ബാങ്കിനു ലഭിച്ചിട്ടുള്ളത്.

പണം പിൻവലിക്കൽ, ബാലൻസ് അന്വേഷണം തുടങ്ങി അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഏതു ബാങ്കിലുള്ളവർക്കും പോസ്റ്റൽ ബാങ്ക് വഴി ലഭ്യമാകും.