തപാല്‍ ബാങ്ക് ഇന്നു മുതല്‍ ; കേരളത്തില്‍ 14 ശാഖകള്‍

Posted on: September 1, 2018

കൊച്ചി : ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐ പി പി ബി ) ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരളത്തില്‍ 14 എണ്ണം ഉള്‍പ്പെടെ 650 ശാഖകളാണ് തുടക്കത്തിലുള്ളത്. ഡിസംബര്‍ 31 നു മുമ്പ് 1,55,000 തപാല്‍ ഓഫീസുകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നിവിടങ്ങളിലാണ് ശാഖകള്‍ ആരംഭിക്കുന്നത്. ഈ ശാഖകള്‍ക്കു പുറമെ സംസ്ഥാനത്തെ 74 പോസ്റ്റ് ഓഫീസുകള്‍ ബാങ്കിന്റെ അക്‌സസ് പോയിന്റുകളുമായി മാറും. എറണാകുളം ജില്ലയില്‍ ഒന്‍പതും മറ്റു ജില്ലകളില്‍ അഞ്ചു വീതവുമാണ് അക്‌സസ് പോയിന്റുകള്‍.

അക്കൗണ്ട് ഉടമകള്‍ക്കു ലഭ്യമാക്കുന്ന ക്യൂ ആര്‍ കാര്‍ഡ് (ക്വിക് സെ്‌പോണ്‍സ് കാര്‍ഡ്) പോസ്റ്റ് ബാങ്കിംഗിന്റെ സവിശേഷതയാണ് .അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഒന്നും ഓര്‍ത്തു വയ്ക്കാതെ തന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിംഗും നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ക്യൂ ആര്‍ കോഡ്. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഡോര്‍ സ്‌റ്റെപ് ബാങ്കിംഗ്, ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട്, മൊബൈല്‍ ബാങ്കിംഗ്, ആര്‍ ടി ജി എസ്, നെഫ്റ്റ്, ഐ എം പി എസ് മാര്‍ഗങ്ങളിലൂടെയുള്ള ഫണ്ട് ഗ്രാന്‍സ്ഫര്‍ എന്നീ സേവനങ്ങള്‍ തപാല്‍ ബാങ്കില്‍ ലഭ്യമാണ്.

TAGS: India Post |