ജനപ്രിയം പോസ്‌റ്റോഫീസ് നിക്ഷേപം

Posted on: July 20, 2018

 

 

ന്യൂജനറേഷന്‍ ബാങ്കുകളും ഉയര്‍ന്ന റിട്ടേണ്‍ നേടിത്തരുന്ന വൈവിധ്യമാര്‍ന്ന നിക്ഷേപമാര്‍ഗങ്ങളും ലഭ്യമാണെങ്കിലും പോസ്‌റ്റോഫീസ് നിക്ഷേപങ്ങള്‍ക്ക് ജനപ്രിയത കുറവല്ല. വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് നിക്ഷേപത്തിന്റെ നൂലാമാലകള്‍ ഒന്നും തന്നെയില്ലെന്നുള്ളതാണ് പോസ്റ്റല്‍ നിക്ഷേപങ്ങളുടെ ആകര്‍ഷണീയത.

സ്വന്തം നാട്ടിലെ പോസ്‌റ്റോഫീസ് അപരിചിതത്വം കൂടാതെ കടന്നുചെല്ലാമെന്നുള്ളത് സാധാരണക്കാരെ ഈ നിക്ഷേപമേഖലയിലേക്ക് അടുപ്പിക്കുന്നു. കൈയിലുള്ള എത്ര ചെറിയ തുക കൊണ്ടും നിക്ഷേപം ആരംഭിക്കാനാവുമെന്നതാണ് മറ്റൊരുകാര്യം. ഒളിഞ്ഞിരിക്കുന്ന ഫീസുകളും നിക്ഷേപകനെ വട്ടംചുറ്റിക്കുന്ന നൂലാമാലകളും പോസ്‌റ്റോഫീസ് നിക്ഷേപങ്ങള്‍ക്ക് ഇല്ല. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് ഒഴികെ മറ്റു നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല. നിക്ഷേപത്തിന് നോമിനിയെ വയ്ക്കാവുന്നതാണ്.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് 4 ശതമാനമാണ് പലിശ. സേവിംഗ്‌സ് അക്കൗണ്ട്  തുടങ്ങാനായി മിനിമം 50 രൂപയാണ് വേണ്ടത്. ചെക്ക് ലീഫുകള്‍ ആവശ്യമുള്ളവര്‍ 500 രൂപ നിക്ഷേപിക്കണം. ഏത് പോസ്‌റ്റോഫീസിലും അക്കൗണ്ടന്റ് തുടങ്ങാം. നിക്ഷേപകന് എടിഎം. കാര്‍ഡും ലഭിക്കും. മറ്റു എടിഎമ്മുകളില്‍ നിന്നു പണം എടുത്താല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.

ഒരു വര്‍ഷം കാലാവധിയില്‍ പണം നിക്ഷേപിക്കാം 6.6 ശതമാനമാണ് പലിശനിരക്ക്. 2 വര്‍ഷ കാലയളവിലുള്ള നിക്ഷേപത്തിന് 6.7 ശതമാനമാണ് പലിശ. മൂന്നുവര്‍ഷത്തെ കാലയളവിലുള്ള സേവിംഗ് നിക്ഷേപത്തിന് 6.9 ശതമാവും അഞ്ച് വര്‍ഷ കാലയളവില്‍ സേവിംഗ് നിക്ഷേപത്തിന് 7.4 ശതമാനമാണ് പലിശ. 25,000 രൂപയാണ് ഡിപ്പോസിറ്റ് ചെയ്യാനും പിന്‍വലിക്കാനും കഴിയുന്ന പരമാാവധി തുക.

റെക്കറിംഗ്  ഡിപ്പോസിറ്റ്

റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലാവധി. പലിശ 6.9 ശതമാനം. ആര്‍ഡി നിക്ഷേപമാര്‍ഗത്തിലൂടെയാണ് അധികം ആളുകളും പണം നിക്ഷേപിക്കുന്നത്. ഏജന്‍സികള്‍ മുഖേനയും പണം അടയ്ക്കാവുന്നതാണ്. ഒരു നിശ്ചിത തുക മാസം അടയ്ക്കണം. ആര്‍ഡിയില്‍ നിക്ഷേപിച്ച തുകയുടെ പകുതി തുക ലോണ്‍ ആയി എടുക്കാം. മറ്റു പോസ്റ്റല്‍ നിക്ഷേപങ്ങളില്‍ നിന്നു വായ്പ ലഭ്യമല്ല.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌ സ്‌കീം

മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ 8.3 ശതമാനം. പലിശ നിരക്കുകള്‍ക്ക് മാറുന്നതു അനുസരിച്ച് തുകയ്ക്കു മാറ്റം വരും. ആദായ നികുതി അടയ്‌ക്കേണ്ട നിക്ഷേപ മാര്‍ഗമാണിത്. വയോജനങ്ങള്‍ക്ക്  പ്രത്യേക ഇളവുകളൊന്നും ലഭ്യമല്ല. മൂന്നു മാസം കൂടുമ്പോഴാണ് പലിശ ലഭ്യമാകുന്നത്.

മന്തിലി ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം

മന്തിലി ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (എം.ഐ.എസ്) ന്റെ കാലാവധി 5 വര്‍ഷമാണ്. പലിശ 7.3 ശതമാനം. ഒരു നിശ്ചിത തുക സ്ഥിരനിക്ഷേപം ഇടുമ്പോള്‍ ഒരോ മാസവും പണം ലഭിക്കുന്ന സ്‌കീമാണിത്. ഒരാള്‍ക്ക് 4 ലക്ഷം രൂപ വരെയും ജോയിന്റായി 9 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

പബ്ലിക് പ്രൊവിഡന്റ്  ഫണ്ട് സ്‌കീം

പതിനഞ്ചു വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ്  ഫണ്ട് സ്‌കീം. 100 രൂപ നല്‍കി നിക്ഷേപം തുടങ്ങാം. ഓരോ സാമ്പത്തിക വര്‍ഷത്തിലും അഞ്ചൂറു രൂപയെങ്കിലും അടച്ചിരിക്കണം. 7.6 ശതമാനമാണ് പലിശ.

കിസാന്‍ വികാസ് പത്ര

കിസാന്‍ വികാസ് പത്രയില്‍ 118 മാസം കൊണ്ട്  നിക്ഷേപതുകയുടെ ഇരട്ടി ലഭ്യമാകുന്നു. 7.3 ശതമാനമാണ് പലിശ. രണ്ടു വര്‍ഷം കഴിയുമ്പോള്‍ വേണമെങ്കില്‍ ക്ലോസ് ചെയ്യാം.

സുകന്യ സമൃദ്ധി

സുകന്യാ സമൃദ്ധി അക്കൗണ്ട്  പത്തു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക്  വേണ്ടിയുള്ള സ്‌കീമാണിത്. 21 വര്‍ഷം കഴിയുമ്പോള്‍ അക്കൗണ്ടന്റ് ക്ലോസ് ചെയ്യാം. 8.1 ശതമാനമാണ് പലിശ.

വിദേശ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പോസ്‌റ്റോഫീസില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയില്ല. നാട്ടിലുള്ള കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ പേരില്‍ നിക്ഷേപം നടത്തുന്നതിന് തടസമില്ല. അടുത്തയിടെ പോസ്റ്റല്‍ ബാങ്ക്  ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ സംവിധാനം കൂടി പൂര്‍ണ്ണമാകാനുണ്ട്. സേവിംഗ് അക്കൗണ്ട് വഴി എത്ര കാലയളവ് വരെയും പണം നിക്ഷേപിക്കാം.