മഹീന്ദ്ര മ്യൂചല്‍ ഫണ്ട് – മഹീന്ദ്ര പ്രഗതി ബ്ലൂചിപ്പ് യോജന

Posted on: February 25, 2019

കൊച്ചി : മഹീന്ദ്രാ മ്യൂച്വല്‍ ഫണ്ടിന്റെ മഹീന്ദ്ര പ്രഗതി ബ്ലൂചിപ് യോജനയുടെ പുതിയ ഫണ്ട് ഓഫര്‍ ആരംഭിച്ചു. രാജ്യത്തെ മുന്‍നിര ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മാര്‍ച്ച് എട്ടിന് എന്‍ എഫ് ഒ അവസാനിച്ച് യൂണിറ്റുകള്‍ നല്‍കി അഞ്ചു ദിവസത്തിനു ശേഷം പദ്ധതിയുടെ തുടര്‍ച്ചയായ വില്പനയും തിരിച്ചു വാങ്ങലും ആരംഭിക്കും.

പദ്ധതിയുടെ 80 ശതമാനമെങ്കിലും വന്‍കിട കമ്പനികളുടെ ഓഹരികളിലും അനുബന്ധ മേഖലകളിലും നിക്ഷേപിക്കും. 20 ശതമാനം വരെയായിരിക്കും കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുക. താരതമ്യേന ഉയര്‍ന്ന നഷ്ടസാധ്യതയുള്ള മേഖലകളിലായിരിക്കും ഇതിന്റെ ആസ്തികള്‍ നിക്ഷേപിക്കുക.

വിപണിയുടെ വിവിധ ഘട്ടങ്ങളില്‍ കുറഞ്ഞ ചാഞ്ചാട്ടം മാത്രമാണ് വന്‍കിട കമ്പനികള്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ അഷുതോഷ് ബിഷ്‌ണോയി ചൂണ്ടിക്കാട്ടി. ആകര്‍ഷകമായ ദീര്‍ഘകാല നിക്ഷേപാവസരമായിരിക്കും മഹീന്ദ്ര പ്രഗതി ബ്ലൂചിപ്പ് യോജന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച – ഭരണക്രമവും ശക്തമായ നേതൃത്വവുമുള്ള വലിയ 100 കമ്പനികളില്‍ നിന്നാവും ഓഹരികള്‍ തെരഞ്ഞെടുക്കുകയെന്ന് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് വെങ്കിടരാമന്‍ ബാലസുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.