സ്വര്‍ണ്ണ വായ്പയില്‍ കേരളം മുന്നില്‍

Posted on: January 17, 2019

കൊച്ചി : രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ വായ്പ വാങ്ങുന്നത് കേരളം. സംസ്ഥാനത്തെ 3.6 ലക്ഷം കോടി രൂപ മൂല്യമുളള ചില്ലറ വായ്പ വിപണിയുടെ (റീട്ടെയില്‍ ലെന്‍ഡിംഗ് മാര്‍ക്കറ്റ്) 31 ശതമാനം സ്വര്‍ണ്ണ വായ്പകളാണ്. രാജ്യത്തെ ഏറ്റവും മുന്തിയ നിരക്കാണിതെന്നു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിഫ് ഹൈമാര്‍ക് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ സാക്ഷ്യം.

രാജ്യത്തെ ചില്ലറ വായ്പാ വിപണി 45 – 50 ലക്ഷം കോടി രൂപയുടേതായി വളര്‍ന്നുവെന്നു ക്രിഫ് ഹൈമാര്‍ക് സീനിയര്‍ വൈസ് പ്രസിഡന്റ് പാരിജാത് ഗാര്‍ഗ് പറഞ്ഞു. 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടുന്നത്. കേരളത്തിലാകട്ടെ, 20 ശതമാനവും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ വിതരണം ചെയ്തതു 42 വായ്പകള്‍. ഭവന വായ്പകളാണു കേരളത്തില്‍ ഏറ്റവും കൂടുതല്‍, 42 ശതമാനം. രണ്ടാമതു സ്വര്‍ണ്ണ വായ്പ . വാഹന വായ്പകള്‍ 15 ശതമാനം.

വിദ്യാഭ്യാസ വായ്പയുടെ കിട്ടാക്കടം ദേശീയതലത്തില്‍ 9 – 10 ശതമാനമാണെങ്കിലും കേരളത്തില്‍ 5.7 ശതമാനം മാത്രം. പ്രളയത്തിനുശേഷമുള്ള ഏതാനും മാസങ്ങളില്‍ കേരളത്തില്‍ മൈക്രോ ഫിനാന്‍സ് മേഖലയില്‍ തിരിച്ചടവു മുടങ്ങിയിരുന്നു. കിട്ടാക്കടം 44 ശതമാനം വരെ ഉയര്‍ന്നുവെങ്കിലും പിന്നീടതു 13 ശതമാനത്തിലേക്കു കടന്നു.