മൈക്രോഫിനാൻസ് മേഖലയിൽ എൽ ആൻഡ് ടി ഫിനാൻസിന് മികച്ച വളർച്ച

Posted on: November 28, 2015

L&T-Finance-logo-big

കൊച്ചി : എൽആൻഡ് ടി ഫിനാൻസിന് മൈക്രോ ഫിനാൻസ് വിഭാഗത്തിൽ മികച്ച വളർച്ച . ഇപ്പോൾ മൊത്തം വായ്പയിൽ 7-8 ശതമാനം ഓഹരിയേ ഈ വിഭാഗത്തിലുള്ളു. നടപ്പുവർഷം 70-75 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി എൽ ആൻഡ് ടി ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദീനാനാഥ് ദുബാഷി പറഞ്ഞു.

എൽ ആൻഡ് ടി ഫിനാൻസ് റിസ്‌ക് കുറച്ച് മൈക്രോ ഫിനാൻസ് വ്യവസായത്തിലുണ്ടാകുന്നതിനേക്കാൾ ഉയർന്ന വളർച്ചയാണ് നേടുന്നത്. നടപ്പുവർഷത്തിലെ ആദ്യ രണ്ടു ക്വാർട്ടറുകളിലും നൂറു ശതമാനത്തിലധികം വളർച്ച നേടുവാൻ കമ്പനിക്കു കഴിഞ്ഞു.

കമ്പനിയുടെ മറ്റൊരു വളർച്ചാ മേഖല ഇരുചക്രവാഹന വായ്പയാണ്. ഈ വിഭാഗത്തിൽ 21 ശതമാനം വളർച്ച നേടിയ കമ്പനിക്ക് വിപണി വിഹിതം ഉയർത്താനും കഴിഞ്ഞിട്ടുണ്ട്. ഭവനവായ്പയാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു രംഗമെന്ന് ദുബാഷി ചൂണ്ടിക്കാട്ടി.

നേരത്തെ പേരന്റ് കമ്പനിയെ ആശ്രയിച്ചായിരുന്നു കമ്പനിയുടെ എസ്എംഇ ഫിനാൻസ് കൂടുതലും മുന്നോട്ടു പോയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി എസ്എംഇ ബിസിനസ് കൂടുതൽ വൈവിധ്യവത്കരിച്ചിരിക്കുകയാണ്. വരുമാനത്തിൽ 60-65 ശതമാനം ബി ടു ബിയിൽനിന്നും 40-45 ശതമാനത്തോളം ബി ടു സിയിൽനിന്നുമാണ്. ഉപഭോക്തൃ സൗഹൃദകമ്പനിയെന്ന നിലയിൽ എൽ ആൻഡ് ടി ഫിനാൻസ് ബി ടു സി ബിസിനസ് 60-65 ശതമാനത്തിലേക്കു ഉയർത്തുവാനാണ് ഇപ്പോൾ ലക്ഷ്യം വച്ചിട്ടുള്ളത്.