മൈക്രോ ഫിനാന്‍സ് മേഖലയ്ക്ക് വന്‍ വളര്‍ച്ച

Posted on: July 15, 2019

ന്യൂഡൽഹി :  ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് മേഖലയ്ക്ക് വന്‍ വളര്‍ച്ച. മുന്‍സാമ്പത്തിക വര്‍ഷത്തേതിനെ അപേക്ഷിച്ച് 2019 സാമ്പത്തിക വര്‍ഷം മൈക്രോ ഫിനാന്‍സ് മേഖലയില്‍ 40 ശതമാനം വളര്‍ച്ച ഉണ്ടായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍, പ്രധാനമായും സ്ത്രീകളാണ് മൈക്രോ ക്രെഡിറ്റ് ഉപഭോക്താക്കള്‍. 2019 സാമ്പത്തികവര്‍ഷം 6.40 കോടിയിലെറെ ഗുണഭോക്താക്കളെ നേടാനായി. നോണ്‍ ബാങ്കിംഗ്  ഫിനാന്‍ഷ്യല്‍ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ചെറുകിട വായ്പകളുടെ 37 ശതമാനവും വിതരണം ചെയ്തത്. ബാങ്കുകളിലൂടെ 34 ശതമാനമാണ് നല്‍കിയത്.

വായ്പാവിതരണത്തില്‍ ഈ കാലയളവില്‍ 36 ശതമാനമാണ് വര്‍ധന. 2019 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ആകെ 1,78,547 കോടി രൂപയാണ് മൈക്രോ ഫിനാന്‍സ് മേഖലയില്‍ വായ്പയായി നല്‍കിയത്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 20,000 രൂപ മുതല്‍ 30,000 രൂപ വരെയുള്ള വായ്പകളാണ് ഏറ്റവും അധികം വിതരണം ചെയ്തത്. തൊട്ടുപിന്നില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെയുള്ള വായ്പകളാണ്. അതേസമയം മുന്‍സാമ്പത്തിക വര്‍ഷത്തേതിനെക്കാള്‍ 67 ശതമാനം വളര്‍ച്ച നേടിയത് 50,000 -60,000 രൂപ വായ്പ വിഭാഗമാണ്.

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മൈക്രോ ഫിനാന്‍സ് മേഖലയിലെ 34.7 ശതമാനം ഗുണഭോക്താക്കളും. പശ്ചിമബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളില്‍ ഓരോന്നും 15,000 കോടിയിലെറെ രൂപ മൈക്രോ ഫിനാന്‍സ് മേഖലയില്‍ നിന്ന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
മൈക്രോഫിനാന്‍സ് മേഖലയെപ്പറ്റിയുള്ള അവബോധം വളര്‍ത്തുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇക്വിഫാക്‌സ് ടീമുമായി സഹകരിച്ച് പൂര്‍ത്തിയാക്കിയ പഠന റിപ്പോര്‍ട്ട് സഹായകമാണെന്ന് സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മുസ്തഫ ഐഎഎസ് പറഞ്ഞു.

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നാണ് മൈക്രോ ഫിനാന്‍സ് മേഖലയുടെ 83 ശതമാനം ഗുണഭോക്താക്കള്‍ എന്നു പഠനഫലം സൂചിപ്പിക്കുന്നതായി ഇക്വിഫാക്‌സ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ കെ. എം. നനൈയിയ പറഞ്ഞു.

TAGS: Microfinance |