ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്

Posted on: May 18, 2015

Federal-Bank-SBI-co-branded

കൊച്ചി : ഫെഡറൽ ബാങ്ക് എസ് ബി ഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്. പ്ലാറ്റിനം, ഗോൾഡ് & മോർ എന്നീ രണ്ടു വിസ ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് പുറത്തിറക്കുന്നത്. ഇന്ധനം, ഭക്ഷണം തുടങ്ങിയ ഇടപാടുകൾക്ക് ചെലവഴിക്കുന്ന തുകയ്ക്ക് പ്രത്യേക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡുകൾ. കാർഡ് ഉടമകൾക്ക് ഉയർന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ചിപ് അധിഷ്ഠിത കാർഡുകളായിരിക്കും ഇവ.

ഇടപാടുകാർക്ക് പുതിയതും വ്യത്യസ്തവുമായ സേവനങ്ങൾ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ ഇടപാടുകാർക്ക് ഏറെ പ്രയോജനകരമായിരിക്കും പുതിയ കാർഡുകളെന്ന് എസ് ബി ഐ കാർഡിന്റെ സിഇഒ വിജയ് ജസുജ പറഞ്ഞു.

പ്ലാറ്റിനം കാർഡ് അഞ്ചു ലക്ഷം രൂപ വരെയും ഗോൾഡ് & മോർ 1.75 ലക്ഷം രൂപ വരെയും ക്രെഡിറ്റ് പരിധി അനുവദിക്കും. ഇന്ത്യയിലെ 30 ലക്ഷം ചെറുകിട വില്പനശാലകൾ ഉൾപ്പടെ ലോകത്തെമ്പാടുമായി 2.7 കോടി ഔട്ട്‌ലെറ്റുകളിൽ ഈ കാർഡുകൾ സ്വീകരിക്കും. റെസ്‌റ്റോറന്റുകളിലും ഡിപ്പാർട്ട്‌മെന്റൽ – ഇന്റർനാഷണൽ സ്റ്റോറുകളിലും പ്ലാറ്റിനം കാർഡ് ഉപയോഗിക്കുമ്പോഴെല്ലാം റിവാർഡ് പോയിന്റുകൾ ലഭിക്കും.

രാജ്യാന്തര വിമാനത്താവള ലൗഞ്ചുകളിലും ഗോൾഫ്‌കോഴ്‌സുകളിലും പ്ലാറ്റിനം കാർഡ് ഉടമകൾക്ക് പ്രവേശനം ലഭിക്കും. ഫീസ് അടയ്ക്കുമ്പൾ ജോയിനിംഗ് ഗിഫ്റ്റായി 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ പ്രത്യേക സമ്മാനമായി നൽകും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ശാഖകളിൽ മാത്രമാണ് കാർഡുകൾ വിതരണം ചെയ്യുകയുള്ളു.