മൂന്നാറിന് അനന്തമായ വളർച്ചാ സാധ്യതകൾ

Posted on: March 1, 2018

വശ്യമനോഹരമാണ് മൂന്നാർ. തേയിലയും വരയാടും വെള്ളച്ചാട്ടങ്ങളും കുറുഞ്ഞിയും സമൃദ്ധമാക്കുന്ന കാഴ്ചകൾ. സുഖദായകമായ തണുപ്പും കാറ്റിൽ പറന്നകലുന്ന മൂടൽമഞ്ഞും ഇടയ്ക്കിടെയുള്ള നൂൽമഴയും നൽകുന്നത് അവിസ്മരണീയമായ അനുഭവം.

കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഹിൽ ഡെസ്റ്റിനേഷനായ മൂന്നാർ നൽകുന്ന സംഭാവനകൾ ചെറുതല്ല. വർഷം മുഴുവൻ സഞ്ചാരികൾ എത്തുന്ന മൂന്നാറിൽ 500 രൂപ മുതൽ 50,000 രൂപ വരെയുള്ള മുറികൾ ലഭ്യമാണ്. ടൂറിസം രംഗത്ത് മൂന്നാറിന്റെ അനന്തസാധ്യതകളെക്കുറിച്ച് മൂന്നാറിലെ റെഡ്‌സ്പാരോ ഹോട്ടൽസ് മാനേജിംഗ് ഡയറക്ടറും മൂന്നാർ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് അസോസിയേഷൻ സെക്രട്ടറിയുമായ അനീഷ് പി. വർഗീസുമായി നടത്തിയ അഭിമുഖം.

മൂന്നാറിൽ ടൂറിസം വളർച്ചയ്ക്ക് ഇനി സാധ്യതകളുണ്ടോ ?

തീർച്ചയായും. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പ്രതിദിനം 3000-4000 സന്ദർശകർ മൂന്നാറിൽ വരുന്നുണ്ട്. കുറുഞ്ഞി പൂക്കുന്ന സീസണിൽ വിനോദസഞ്ചാരികളുടെ എണ്ണം പ്രതിദിനം 15,000 മുതൽ 20,000 വരെയാകുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. മേക്ക്‌മൈ ട്രിപ്പ്, ക്ലിയർട്രിപ്പ് തുടങ്ങിയ ഓൺലൈൻ ട്രാവൽ സൈറ്റുകൾ വഴിയുള്ള ബുക്കിംഗ് ഓരോ സീസണിലും വർധിച്ചുവരികയാണ്.

മൂന്നാർ ഹോട്ടലുകളിലെ ഓക്യുപെൻസി നിരക്ക് ?

ശരാശരി 60 ശതമാനമാണ് ഓക്യുപെൻസി. എസ്റ്റാബ്ലീഷ്ഡ് ഹോട്ടലുകളിൽ 70 ശതമാനം ഓക്യുപെൻസിയുണ്ട്. ഹോട്ടലും ഹോംസ്‌റ്റേയും ഉൾപ്പടെ 9,000-10,000 പേർക്ക് വരെ താമസിക്കാനുള്ള സൗകര്യം മൂന്നാർ മേഖലയിലുണ്ട്. മൂന്നാർ എപ്പോഴും ഫുള്ളാണെന്നും ഹോട്ടൽ നിരക്കുകൾ കൂടുതലാണെന്നുമുള്ള പ്രചരണം ശരിയല്ല. അസംഘടിതമേഖലയാണ് ഇത്തരം തെറ്റായ പ്രചരണങ്ങൾക്ക് പിന്നിൽ. ഇക്കൂട്ടർക്ക് ലൈസൻസോ റേറ്റ് കാർഡോ ഇല്ല. ആളും തരവും നോക്കി നിരക്ക് വാങ്ങുമ്പോൾ സഞ്ചാരികൾ കബളിപ്പിക്കപ്പെടുന്നു.

ബുക്കിംഗിൽ ഓൺലൈൻ ട്രാവൽ സൈറ്റുകളുടെ പങ്ക് ?

ബുക്കിംഗിൽ ഓൺലൈൻ മാർക്കറ്റ് ഷെയർ വർധിച്ചുവരികയാണ്. അതിനനുസരിച്ച് ടൂർ ഓപറേറ്റർമാരുടെ ബുക്കിംഗ് കുറയുകയും ചെയ്യുന്നു. ഓൺലൈനിൽ ഹോട്ടൽസിന് റേറ്റ് തീരുമാനിക്കാൻ വളരെയധികം ഫ്‌ളെക്‌സിബിലിറ്റിയുണ്ട്. ഡിമാൻഡ് അനുസരിച്ച് റേറ്റ് കുറയ്ക്കാനും കൂട്ടാനും കഴിയും. എല്ലാ ട്രാക്ക് ചെയ്യാൻ കഴിയും. റൂം ബുക്കിംഗ് കൂടുതൽ സുതാര്യമായി. ബുക്കിംഗിന്റെ 20 മുതൽ 80 ശതമാനം വരെ ഓൺലൈൻ ട്രാവൽ സൈറ്റുകൾ വഴി ലഭിക്കുന്ന ഹോട്ടലുകളുണ്ട്. ഹോട്ടലുകളുടെ ഓഫറിനേക്കാൾ കുറഞ്ഞനിരക്ക് ലഭിക്കുന്നതിനാൽ ഗസ്റ്റുകളും ഓൺലൈൻ ബുക്കിംഗ് ഇഷ്ടപ്പെടുന്നു.

സഞ്ചാരികൾക്ക് മൂന്നാറിനോടുള്ള നിലപാട് ?

കുടുംബങ്ങളാണ് മൂന്നാറിലെത്തുന്നവരിൽ ഏറെയും. ഹണിമൂൺ ട്രിപ്പുകളും കുറവല്ല. നോർമലി രണ്ട് ദിവസത്തെ ഐറ്റനറിയാണ് ടൂറിസ്റ്റുകൾ തെരഞ്ഞെടുക്കുന്നത്. ഐടി രംഗത്ത് നിന്നുള്ള ചെറുപ്പക്കാരും ധാരാളമായി മൂന്നാറിലെത്തുന്നുണ്ട്. മൂന്നാർ കേന്ദ്രമാക്കി വൈൽഡ് ലൈഫ് ടൂറിസവും അഡ്വഞ്ചർ ടൂറിസവും വളർന്നുവരുന്നുണ്ട്.

വിദേശ ടൂറിസ്റ്റുകളുടെ വരവ് ?

മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികളിൽ 10 ശതമാനത്തിൽ താഴെയാണ് വിദേശ ടൂറിസ്റ്റുകൾ. ബായ്ക്ക് പാക്കേഴ്‌സും ബജറ്റഡ് ആയി ട്രാവൽ ചെയ്യുന്നവരുമാണ് ഇവരിലേറെയും. ജൂൺ മുതൽ സെപ്്റ്റംബർ വരെ മിഡിൽഈസ്റ്റിൽ നിന്നുള്ള ടൂറിസ്റ്റുകളും വരുന്നുണ്ട്. ഉത്തരേന്ത്യൻ സഞ്ചാരികളാണ് മൂന്നാറിൽ എത്തുന്നവരിലേറെയും.

പുതിയ ടൂറിസം സംരംഭങ്ങൾ വരുന്നുണ്ടോ ?

മൂന്നാറിന്റെ ഔട്ടറിലാണ് പുതിയ സംരംഭങ്ങൾ വരുന്നത്. മാങ്കുളം, മറയൂർ, ചിത്തിരപുരം, രാജാക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. മൂന്നാർ ടൗണിൽ ഭൂമിയുടെ ലഭ്യതക്കുറവും നിർമാണ നിയന്ത്രണങ്ങളും പുതിയ പദ്ധതികളുടെ വരവ് തടസപ്പെടുത്തുന്നു. മുടങ്ങികിടക്കുന്ന പദ്ധതികളുമുണ്ട്.

മൂന്നാർ ടൂറിസം നേരിടുന്ന വെല്ലുവിളികൾ ?

ഇൻഫ്രസ്ട്രക്ചർ രംഗത്തെ പോരായ്മകളാണ് മൂന്നാറിന്റെ ടൂറിസം വികസനത്തെ തടസപ്പെടുത്തുന്നത്. റോഡ്, പാർക്കിംഗ് തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. വൈകുന്നേരമായാൽ ടൂറിസ്റ്റുകൾക്ക് മറ്റ്  എന്റർടെയ്ൻമെന്റ് ഓപ്ഷനുകളില്ല. ആറുമണി കഴിഞ്ഞാൽ ടൂറിസ്റ്റുകൾ മുറിയിൽ അടച്ച് ഇരിക്കേണ്ട അവസ്ഥയാണ്. സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാൻ പാർക്കോ തീയേറ്ററോ ബാറോ മൂന്നാറിലില്ല. ഒരു ബീയർ ആൻഡ് വൈൻ പാർലർ മാത്രമാണുള്ളത്. പരിശീലനം സിദ്ധിച്ച ഗൈഡുകൾ ഇല്ലെന്നുള്ളതാണ് മറ്റൊരു ന്യൂനത. സർക്കാർ മുൻകൈയെടുത്ത് കൺവെൻഷൻ സെന്റർ സ്ഥാപിച്ചാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.

ടൂറിസം വികസനത്തിന് അസോസിയേഷന്റെ ചുവടുവെയ്പ്പുകൾ ?

മൂന്നാർ ഓൾ സീസൺ ഡെസ്റ്റിനേഷനായി വിനോദസഞ്ചാരികളുടെ മുമ്പിൽ അവതരിപ്പിക്കാനാണ് മൂന്നാർ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് അസോസിയേഷൻ ആഗ്രഹിക്കുന്നത്. ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന നിലയിൽ നിന്ന് മാറി വൈൽഡ് ലൈഫ് ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ നിരവധി സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അഖിലേന്ത്യതലത്തിലുള്ള ടൂർ ഓപറേറ്റേഴ്‌സിനെ ക്ഷണിച്ചുകൊണ്ട് 2019 ൽ മൂന്നാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അസോസിയേഷൻ. മൂന്നാർ കാണാൻ നാല് ദിവസത്തെ ഐറ്റനറിയാണ് ഞ്ങ്ങൾ മൂന്നോട്ട് വെയ്ക്കുന്നത്. കേരള ട്രാവൽ മാർട്ടിൽ മൂന്നാറിലെ ഹോട്ടലുകൾ സജീവമായി പങ്കെടുക്കുന്നുണ്ട്.

ടൂറിസം സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ ?

ഹോംസ്‌റ്റേകൾ മുതൽ ഹോട്ടലുകൾ വരെയുള്ള ടൂറിസം മേഖലയിൽ ഏകദേശം 25,000 ലേറെപ്പേർ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. നേര്യമംഗലവും അടിമാലിയും ഉൾപ്പടെയുള്ള ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങൾ മൂന്നാറിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ബജറ്റ് ട്രാവലേഴ്‌സ് അടിമാലിയിലും സമീപപ്രദേശങ്ങളിലും താമസിച്ച ശേഷമാണ് മൂന്നാർ കാണാൻ എത്തുന്നത്.