കുപ്പിവെള്ളത്തിന്റെ വില കുറയണം

Posted on: January 21, 2019

കാലം പുരോഗമിച്ചപ്പോൾ കുപ്പിവെള്ളം മലയാളിയുടെ ജീവിതചര്യയുടെ ഭാഗമായി. യാത്രയ്ക്കിടയിൽ കൂടുതൽപേരും ആശ്രയിക്കുന്നതും കുപ്പിവെള്ളത്തെയാണ്. എന്നാൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുകയെന്നത് നമ്മുടെ നാട്ടിൽ വെല്ലുവിളിയായിത്തീർന്നിരിക്കുന്നു. കേരള ബോട്ടിൽ വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ഈസ്‌റ്റേൺ അക്വായുടെ ഡയറക്ടറുമായ എം.ഇ മുഹമ്മദുമായുള്ള അഭിമുഖം.

കേരളത്തിൽ വില്ക്കുന്നത് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ആണോ / മിനറൽ വാട്ടർ ആണോ ?

കേരളത്തിൽ നിറയ്ക്കുന്ന കുപ്പിവെള്ളത്തിൽ തൊണ്ണൂറുശതമാനവും പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ വിഭാഗത്തിലുള്ളതാണ്. ഹിമാലയ ബ്രാൻഡ് മാത്രമാണ് മിനറൽ വാട്ടർ. പൊതുവെ എല്ലാവരും മിനറൽ വാട്ടർ എന്നു പറയുന്നുവെന്നു മാത്രം.

വില കുറയ്ക്കാനുള്ള നീക്കം എന്തായി ?

എം ആർ പി 12 രൂപയായി കുറയ്ക്കണമെന്ന്. കേരള ബോട്ടിൽവാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ജനറൽബോഡി കൂടി തീരുമാനമെടുത്തിരുന്നു. അതിന് ഞങ്ങളുടേതായ ന്യായീകരണവുമുണ്ടായിരുന്നു. അതിപ്പോഴും പൂർണമായും വിജയിച്ചിട്ടില്ല. മാനുഫാക്ചറിംഗ് കോസ്റ്റ് ഒരു കുപ്പിക്ക് ഏഴു രൂപ വരും. ഞങ്ങൾ അതു വില്ക്കുന്നത് 8 – 9 രൂപയ്ക്കാണ്. ചില്ലറവില്പന്ക്കാർക്ക് ലഭിക്കുന്നത് 11-12 രൂപയാണ്. വില കുറച്ചാൽ ലാഭം കുറയുന്നതിനാൽ കച്ചവടക്കാരും അനുകൂലിക്കുന്നില്ല. ദേശീയ ബ്രാൻഡുകൾക്കും ഇതേ അഭിപ്രായമാണ്.

വില കുറയുമോ ?

വിപണിയിൽ എതിർപ്പ് തുടരുന്നു. മാത്രമല്ല പന്ത്രണ്ടുരൂപ എം ആർ പിയിൽ കുപ്പിവെള്ളം വിപണിയിൽ കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ല. വ്യാപാരവ്യവസായി ഏകോപനസമിതിയും വില കുറയ്ക്കാൻ സമ്മതിച്ചിട്ടുള്ളതാണ്. വില കുറയണം. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി വിലകുറയ്ക്കണം.

കുപ്പിവെള്ളത്തിന് നികുതി ഉണ്ടോ? എത്ര ശതമാനം ?

കുപ്പിവെള്ളത്തിന് നികുതി 18 ശതമാനം. നികുതിയുൾപ്പെടെയാണ് ഇപ്പോഴത്തെ ചില്ലറ വില്പന വില.

കുപ്പിവെള്ളത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ  ?

സാന്‍ഡ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, മൈക്രോ ഫില്‍ട്ടര്‍, യുവി (അള്‍ട്രാ വയലറ്റ്) ട്രീറ്റ്മെന്റ് , റിവേഴ്‌സ് ഓസോമോസിസ് എന്നീ ശുചീകരണ ട്രീറ്റ്‌മെന്റുകള്‍ എല്ലാവരും ചെയ്യുന്നു. കേരളത്തിലെ വെള്ളത്തില്‍ അധികം മിനറല്‍സില്ല. ബാക്ടീരിയയാണ് അധികവും. ഭക്ഷ്യസുരക്ഷ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുമാണ് പരിശോധന നടത്തുന്നത്.

നിലവാരമില്ലാത്ത ബ്രാൻഡുകൾക്ക് എതിരെയുള്ള നടപടികൾ  ?

ഐ എസ് ഐ അംഗീകരമില്ലാതെ വിൽക്കരുതെന്ന് നിയമമുള്ളതാണ്. രണ്ടു വർഷമായി നിലവാരമില്ലാത്ത ബ്രാൻഡുകൾക്കെതിരെ കേസ് കൊടുത്ത് ഹൈക്കോടതിയിൽ നിന്ന് ഓർഡർ വാങ്ങിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ കണ്ടുവരുന്നത് ഫുഡ് സേഫ്ടിയുടെ ലൈസൻസ് എടുക്കും. ക്വാളിറ്റി ആരും നോക്കാറില്ല. ഐ എസ് ഐ ലൈസൻസ് എടുക്കില്ല. ഒന്നരലക്ഷം രൂപയോളം ചെലവിട്ട് മികച്ച ബ്രാൻഡുകൾ ലൈസൻസ് എടുക്കുമ്പോൾ ഇതൊന്നുമില്ലാതെ വില്ക്കുന്നവർവിപണിയിൽ വിലസുകയാണ്.

കുപ്പിവെള്ളത്തിന്റെ ഷെൽഫ് ലൈഫ്  ?

 

ഇരുപത് ലിറ്റര്‍ ജാറിലെ വെള്ളത്തിന് ഒരു മാസം വരെയും ഒരു ലിറ്റര്‍ ബോട്ടില്‍ കുപ്പികളിലെ വെള്ളത്തിന് നാലു മുതല്‍ ആറുമാസം വരെയുമാണ് ഷെല്‍ഫ് ലൈഫ്. വെയിൽ ഏൽക്കുന്ന വിധം കുപ്പിവെള്ളം കടകളിൽ ഡിസ്‌പ്ലേ ചെയ്യുന്നത് തെറ്റാണ്. വെയിൽ ഏല്ക്കുമ്പോൾ ബാക്ടീരയയുടെ വളർച്ച വർദ്ധിക്കും. ഇത് ആരോഗ്യത്തിന് ഭീഷണിയാണ്. വില്പനക്കാരെ ഇക്കാര്യം പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.

കുപ്പിവെള്ളം കടയിൽ എത്തുന്നത് വരെയുള്ള ചെലവുകൾ  ?

മാനുഫാക്ചറിംഗ് കോസ്റ്റ്, പാക്കിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാർജ്ജ്, ടാക്‌സ്, എന്നിവയാണ് പ്രധാന ചെലവുകൾ. ഒരു ലിറ്ററിന്റെ പെറ്റ് ബോട്ടിൽ 4 രൂപയ്ക്കാണ് വാങ്ങുന്നത്. ഒന്നരക്കോടി രൂപയാണ് കുപ്പിവെള്ള നിർമാണ പ്ലാന്റ് തുടങ്ങാൻ വേണ്ടത്.

വില്പന കമ്മീഷൻ, ക്രെഡിറ്റ് ബിസിനസ്  ?

ഉയർന്ന വില്പന കമ്മീഷനും ക്രെഡിറ്റും കൊടുത്താണ് ഈ ബിസിനസ് ഇത്രയും വളർന്നത്. പക്ഷേ ഇപ്പോൾ ക്രെഡിറ്റ് കൊടുത്തുള്ള ബിസിനസ് ഇല്ല. മത്സരം വർധിച്ചതോടെ ബിസിനസ് അത്ര ലാഭകരവുമല്ല.

കുപ്പിവെള്ളത്തിന്റെ വില്പന വർഷംന്തോറും കൂടിവരികയാണോ  ?

കുടിവെള്ള വില്പന ഓരോ വർഷവും വർദ്ധിച്ചു വരികയാണ്. ആളുകളുടെ എണ്ണം കൂടുന്നു ഒപ്പം യാത്രകളും. അപ്പോൾ കുടിവെള്ള വില്പന കൂടും. എന്നാൽ പ്ലാസ്റ്റിക് നിരോധനം ഈ മേഖലയെ ബാധിക്കും. കേരളത്തിൽ നൂറിൽപരം കുപ്പിവെള്ള നിർമാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.

അജിന മോഹൻ