മരുന്നു വിപണിയിൽ മാറ്റങ്ങളുടെ കാലം

Posted on: February 24, 2019

ആരോഗ്യ കാര്യങ്ങളിൽ മലയാളികൾ ഏറെ ശ്രദ്ധാലുവാണ്. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഉപയോഗം കൂടുതലുമാണ്. ഓരോ വർഷവും മരുന്നു വില്പനയിൽ വർധനവുണ്ട്. എന്നാൽ ഇംഗ്ലീഷ് മരുന്നുകളുടെ റീട്ടെയ്ൽ വില്പനക്കാർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. അടച്ചുപൂട്ടുന്ന മെഡിക്കൽ ഷോപ്പുകളുടെ എണ്ണം വർധിക്കുന്നു.

വൻകിട മെഡിക്കൽ സ്റ്റോറുകളുടെ കടന്നുവരവും ഓൺലൈൻ വില്പനയുമെല്ലാം ഈ മേഖലയ്ക്ക് ഭീഷണിയാണ്. കേരളത്തിലെ മരുന്നു വിപണിയെ കുറിച്ച് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. എൻ മോഹനുമായി നടത്തിയ അഭിമുഖം.

കേരളത്തിലെ ഇംഗ്ലീഷ് മരുന്നു വിപണി ?

കേരളത്തിൽ ഒരു വർഷം 8000 കോടി രൂപയ്ക്കു മേലാണ് ഇംഗ്ലീഷ് മരുന്നുകളുടെ വില്പന. അതിൽ 80 ശതമാനത്തോളം സംഘടനയിലെ മെമ്പർമാർ വഴിയും ബാക്കി സർക്കാർ സംരഭങ്ങളായ കാരുണ്യ, നീതി മെഡിക്കൽ ഷോപ്പുകൾ വഴിയുമാണ്. ഇതിനൊപ്പം കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധിയും വിപണിയിലേക്ക് എത്തിയിരിക്കുന്നു. കൂടാതെ സ്വകാര്യ ആശുപത്രികളിലേക്കുള്ള മരുന്നുകളുടെ വിതരണവും അസോസിയേഷൻ അംഗങ്ങളായ മൊത്തവ്യാപാരികളുടെ നേതൃത്വത്തിലാണ്.

കേരളത്തിൽ എത്ര മെഡിക്കൽ ഷോപ്പുകൾ ?

ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ എന്ന സംഘടനയിൽ റീട്ടെയിൽ വ്യാപാരികളും മൊത്ത വ്യാപാരികളും ഉൾപ്പെടെ ഏകദേശം 13,500 മെമ്പർമാരാണ് ഉള്ളത്. ഏറ്റവും കൂടുതൽ റീട്ടെയ്ൽ ഷോപ്പുകളുള്ളത് എറണാകുളം ജില്ലയിലാണ്. ഹോസ്പിറ്റലുകളുടെ കാര്യത്തിലും മരുന്നു വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും എറണാകുളം തന്നെയാണ് മുന്നിൽ. കഴിഞ്ഞ വർഷം 771 ഷോപ്പുകളുടെ ലൈസൻസാണ് സറണ്ടർ ചെയ്തത്. അതിലുമധികം ഷോപ്പുകൾ പൂട്ടിയിട്ടിട്ടുണ്ട്.

മരുന്നു വിപണിയിലെ വാർഷിക വളർച്ച ?

ദേശീയതലത്തിൽ ഫാർമാ സെക്ടറിൽ 10 ശതമാനം വാർഷിക വളർച്ചയുണ്ട്. എന്നാൽ കേരളത്തിൽ അതിന് ആനുപാതികമായിട്ടുള്ള വളർച്ച ഇല്ല. ചെയിൻ ഷോപ്പുകളാണ് വിപണി കീഴടക്കി കൊണ്ടിരിക്കുന്നത്. വ്യക്തിഗത ഷോപ്പുകൾ പുതിയതായി വരുന്നില്ല.

ജി എസ് ടി മരുന്നു വിപണിയെ ബാധിച്ചോ ?

സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ജി എസ് ടിയുടെ വരവ് ബാധിക്കുന്നതല്ല. ജി എസ് ടി കൗൺസിൽ പ്രകാരം വന്ന മാറ്റങ്ങൾക്കനുസരിച്ച് ലാഭത്തിൽ വലിയ കുറവ് വരുന്നു. തുടക്കത്തിൽ 75 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് ജി എസ് ടി നടപ്പാക്കിയിരുന്നത്. പുതിയ കൗൺസിൽ പ്രകാരം 1.5 കോടിയായി വർധിപ്പിച്ചു. അതേസമയം മരുന്നു കമ്പനികൾ എം ആർ പിയിൽ തന്നെ ജി എസ്് ടി ഉൾപ്പെടുത്തുന്നതിനാൽ ചെറുകിട കച്ചവടക്കാർക്ക് ലാഭം കുറയുന്നു.

വിദേശമരുന്നുകളുടെ സാന്നിധ്യം ?

പൊതുവെ മരുന്നു വിപണിയിൽ ഇറക്കുമതി ഇന്ന് കുറവാണ്. പ്രമുഖ ഇന്ത്യൻ കമ്പനികളെല്ലാം മരുന്നു കയറ്റുമതി ചെയ്യുന്നവരാണ്. വളരെ ചുരുക്കം മരുന്നുകളാണ് ഇറക്കുമതി ചെയ്യേണ്ടി വരുന്നത്. ഇത് മൊത്തം കച്ചവടത്തിന്റെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ്.

മരുന്നു വിപണിയിലെ മത്സരം ?

മരുന്നു വിപണിയിൽ പല മെഡിക്കൽ ഷോപ്പുകളും പിടിച്ചുനിൽക്കാൻ ഉപഭോക്താക്കളെ സ്വാധീനിക്കുന്ന തരത്തിലുള്ള ഓഫറുകൾ മുന്നോട്ട് വെക്കുന്നുണ്ട്. വ്യവസ്ഥാപിതമായി നടക്കുന്ന വിപണിയിൽ ഇത്തരത്തിലുള്ള കൈകടത്തലുകൾ ഒട്ടു ആശാസ്യമല്ല. വലിയ ഡിസ്‌ക്കൗണ്ട് നൽകി ഈ ബിസിനസ് അധികാലം മുന്നോട്ടുകൊണ്ടുപോകാനാവില്ല.

റീട്ടെയ്ൽ മരുന്നു വ്യാപാര രംഗത്തെ മറ്റ് വെല്ലുവിളികൾ ?

റീട്ടെയ്ൽ മേഖലയിൽ പ്രവർത്തിക്കുന്ന പലരും ഇന്ന് പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കച്ചവടം എന്നതിലുപരി സേവനമായി കാണുന്നവരാണ്. അസോസിയേഷന്റെ പേരിൽ വില കുറച്ച് മരുന്നുകൾ നിർമിച്ച് നൽകാനുള്ള പദ്ധതി പലപ്പോഴായി സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിക്കിടപ്പാണ്.