കുഫോസിന്റെ കണ്ടല്‍ ഗവേഷണ കേന്ദ്രം പുതുവൈപ്പില്‍

Posted on: June 7, 2021

കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) കണ്ടല്‍ക്കാടുകളുടെ പാനത്തിനും ഗവേഷണത്തിനുമായി ‘ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍മാംഗ്രൂ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപിക്കുന്നു.

കുഫോസിന്റ പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിലാണ് ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്’ പദവിയില്‍ 100 കോടി രൂപ ചെലവില്‍ കണ്ടല്‍ ഗവേഷണ പഠന കന്ദ്രം വരുന്നത്.

രാജ്യത്ത് അപൂര്‍വമായ കണ്ടല്‍ കന്യാവനങ്ങളുടെ തുരുത്താണ് 50 ഏക്കറിലായി പരന്നുകിടക്കുന്ന കുഫോസിന്റ പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍.

പലതരം കണ്ടല്‍ച്ചെടികളുടെയും അനവധി ഓരുജലമത്സ്യങ്ങളുടെയും ഞണ്ടുകളുടെയും ദേശാടനക്കിളികള്‍ അടക്കം നിരവധി ജലപ്പക്ഷികളുടെയും സ്വഭാവികമായ ആവാസവ്യവസ്ഥയും പ്രജനന കേന്ദ്രവുമാണ് ഇവിടം. സെന്ററിന്റ മാസ്റ്റര്‍പ്ലാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്റ പരിഗണനക്കായി ഉടനേസമര്‍പ്പിക്കുമെന്നും കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. കെ.റിജി ജോണ്‍ പറഞ്ഞു. ആകെ 15 ഇനം കടല്‍ച്ചെടികളും അവയെ ആശ്രയിച്ച് നിലനില്‍ക്കുന്ന 75 ഇനം ചെടികളുമാണ് കേരളത്തില്‍ കാണുന്നത്.

ഇതില്‍ 12 ഇനം കണ്ടലും 66 ഇനം ആശ്രയച്ചെടികളും കുഫോസിന്റ പുതുവെപ്പ് ഫിഷറീസ് സ്റ്റേഷനില്‍ ഉണ്ട്. ചെല്ലാനം പോലെ കടല്‍ ക്ഷോഭം തടയാനായി കണ്ടല്‍ക്കാടുകളുടെ ഹരിതവലയം കൊണ്ട് ബയോ ഷീല്‍ഡ് നടത്തണ്ട തീരങ്ങളിലേക്ക് ആവശ്യമുള്ള ചെടികള്‍ ലഭ്യമാക്കാനായി അത്യാധുനിക സാങ്കേതിക വിദ്യകളിലൂന്നിയ നേഴ്‌സറിയും അന്താരാഷ്ട്ര കണ്ടല്‍പഠന കേന്ദ്രത്തിലുണ്ടാകും.