ആരോഗ്യ സർവകലാശാലയിൽ സോളാർ പ്ലാന്റ്

Posted on: August 9, 2020

തൃശൂര്‍ : സൗരോര്‍ജ പ്രഭയില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല. സര്‍വകലാശാലയുടെ ആവശ്യത്തിനായി 250 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ വൈദ്യുതി പ്ലാന്റ് സജ്ജമായിക്കഴിഞ്ഞു. ഇതോടെ സര്‍വകലാശാല നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകും.

മൂന്നു ലക്ഷത്തില്‍പരം രൂപയാണ് പ്രതിമാസം ആരോഗ്യസര്‍വകലാശാല വൈദ്യുതിചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് നല്‍കുന്നത്. സ്വന്തമായി സോളാര്‍വൈദ്യുതി ഉത്പാദിപ്പിക്കുക വഴി ഇതിനു ശമനമായിരിക്കുകയാണ്.

മാര്‍ച്ചിലാണു സോളാര്‍ പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയതെങ്കിലും ലോക്ക് ഡൌണും മറ്റും മൂലം പണികള്‍ നീണ്ടുപോയി ഇപ്പോള്‍ പണികളെല്ലാം പൂര്‍ത്തിയായി, കേരള വൈദ്യുതി ബോര്‍ഡ് കണ്‍സള്‍ട്ടന്റ് ആയി സര്‍ക്കാര്‍ ധനസഹായത്തോടെ കൈല്‍ട്രോണ്‍ ഒരു കോടി അറുപത്തൊന്നു ലക്ഷം രൂപയ്ക്കാണു നിര്‍മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. സര്‍വകലാശാലയുടെ ആവശ്യത്തിനുവേണ്ടിവരുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ടുഭാഗവും സോളാര്‍ പ്ലാന്റില്‍ നിന്നുംലഭ്യമാകും.

യൂണിവേഴ്‌സിറ്റി കാമ്പസില്‍ 25 സെന്റ് സ്ഥലത്താണു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ.കെ. മോഹനന്റെ പ്രത്യേക താല്പര്യപ്രകാരം ആവിഷ്‌കരിച്ചപദ്ധതിക്കു മേല്‍ നോട്ടം വഹിച്ചതു യൂണിവേഴ് സിറ്റി എന്‍ജിനീയര്‍ എസ്. സതീഷ്‌കുമാറാണ്. സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം വൈകാതെ ഉണ്ടാകുമെന്നു മെഡിക്കല്‍ കോളജ് ആധികൃതര്‍ അറിയിച്ചു.