സിയാൽ ഇനി സമ്പൂർണ സൗരോർജ വിമാനത്താവളം

Posted on: August 19, 2015

Cial-Solar-Inaug-Big

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി. 12 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. സിയാലിനെ ഹരിത വിമാനത്താവളമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് സൗരോർജ പ്ലാന്റ്. 2013 മാർച്ചിൽ പ്രവർത്തനം തുടങ്ങിയ പൈലറ്റ് പ്രോജക്ടിൽ 100 കിലോവാട്ട് ഉത്പാദനം നടത്തി.

ആദ്യഘട്ടം വിജയകരമായതോടെ ഒരു മെഗാവാട്ട് പ്ലാന്റിനും തുടക്കം കുറിച്ചു. ഈ രണ്ട് പ്ലാന്റുകളിൽ നിന്നുമായി പ്രതിദിനം 4400 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നുണ്ട്. ഈ പദ്ധതികളുടെ വിജയമാണ് 12 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റിലേക്ക് സിയാലിനെ നയിച്ചത്. ജർമ്മൻ കമ്പനിയായ ബോഷ് ലിമിറ്റഡ് ആണ് 62 കോടി രൂപ മുതൽമുടക്കി പ്ലാന്റ് ആറു മാസത്തിനുളളിൽ സ്ഥാപിച്ചത്. സോളാർ പാനലിന്റെ ആയുസ് 30 വർഷമാണ്. 25 വർഷത്തെ വാറൻഡി ബോഷ് നൽകുന്നുണ്ടെന്നും മാനേജിംഗ് ഡയറക് ടർ വി. ജെ. കുര്യൻ ഐഎഎസ് പറഞ്ഞു.

Cial-Solar-Plant-Big

പുതിയ പ്ലാന്റ് ദിവസേന 52,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. സിയാലിന്റെ ഉപഭോഗം 49,000 യൂണിറ്റാണ്. ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകും. സിയാലിന് ആവശ്യമായി വരുന്ന സമയത്ത് ഈ വൈദ്യുതി തിരികെ വാങ്ങും. ഇതോടെ സിയാലിന്റെ മൊത്തം സൗരോർജ ഉത്പാദനം 13.1 മെഗാവാട്ടായി. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ആഗോള ദൗത്യത്തിലും ഇതിലൂടെ സിയാൽ പങ്കാളികളാകുകയാണ്. 46.15 ഏക്കർ സ്ഥലത്താണ് സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. സിയാലിന്റെ ഉപകമ്പനിയായ സിയാൽ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ആണ് സൗരോർജ പദ്ധതി നടപ്പിലാക്കിയത്.

കൂടുതൽ ഊർജ്ജോത്പാദനത്തിന് സിയാൽ ഒരു വർഷത്തിനകം എട്ടു മിനി ജലവൈദ്യുത പദ്ധതികളുടെ നിർമാണം തുടങ്ങും. കോഴിക്കോട് അരിപ്പാറയിൽ രണ്ടു മാസത്തിനകം ആദ്യത്തെ ജലവൈദ്യുത പദ്ധതിയുടെ പണി തുടങ്ങും.
ഉദ്ഘാടനചടങ്ങിൽ സിയാൽ ഡയറക് ടർ പദ്മശ്രീ എം എ യൂസഫലി, മന്ത്രിമാരായ കെ. ബാബു, ആര്യാടൻ മുഹമ്മദ്, വി. കെ. ഇബ്രാഹിം കുഞ്ഞ്, കെ.വി. തോമസ് എംപി, ജോസ് തെറ്റയിൽ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. എയർപോർട്ട് ഡയറക്ടർ എ സി കെ നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. എം. ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ജനറൽ മാനേജർ ജോസ് തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.