ആലുവ എടയാറിൽ കെഎസ്ഇബിയുടെ സൗരോർജ്ജ നിലയം

Posted on: September 13, 2016

kseb-solar-project-big

ആലുവ : എറണാകുളം ജില്ലയിൽ വൈദ്യുതി ബോർഡിന്റെ ആദ്യ സൗരോർജ്ജ നിലയം ആലുവ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തന സജ്ജമായി. പെരിയാർ തീരത്തെ സബ് സ്റ്റേഷൻ വളപ്പിൽ കാടുകയറി കിടന്ന ആറേക്കർ സ്ഥലത്തു സ്ഥാപിച്ച 4,9992 സൗരോർജ പാനലുകൾ വഴി പ്രതിദിനം 5,700 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണു പദ്ധതി. ഈ വൈദ്യുതി 110 കെവി സബ് സ്റ്റേഷനിൽ എത്തിച്ചു കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലും ഏലൂർ നഗരസഭയിലും വിതരണം ചെയ്യും. സൗരോർജ്ജ പാനലുകൾ വഴി ഉത്പാദിപ്പിക്കുന്ന ഡിസി വൈദ്യുതിയെ എസിയാക്കി മാറ്റുന്നതിനു 630 കിലോവാട്ട് ശേഷിയുള്ള രണ്ട് ഇൻവെർട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.

വ്യവസായ മേഖലയായതിനാൽ പകൽ വൈദ്യുതി ഉപയോഗം കൂടുതലുള്ള പ്രദേശമാണ് എടയാറും പരിസരവും. സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതു വഴി ഗുണനിലാവരം കൂടിയ വൈദ്യുതി ഉപഭോക്താക്കൾക്കു നൽകാനാവുമെന്ന് എക്‌സി. എൻജിനീയർ എം.ഇ വർഗീസ്, അസി. എൻജിനീയർ എം.കെ. അർച്ചന എന്നിവർ പറഞ്ഞു. എട്ടുകോടി രൂപയാണു സൗരോർജ്ജ നിലയത്തിന്റെ നിർമാണ ചെലവ്. മുഴുവൻ തുകയും കേന്ദ്ര സർക്കാർ നൽകി.

വൈദ്യുതി ലൈൻ വലിച്ചിരുന്ന തടി പോസ്റ്റുകൾ കെമിക്കൽ ട്രീറ്റ്‌മെന്റ് നടത്താൻ ഉപയോഗിച്ചിരുന്ന കെട്ടിടം നവീകരിച്ചു കൺട്രോൾ റൂം സ്ഥാപിച്ചു. അതിനാൽ അടങ്കൽ തുകയേക്കാൾ 31 ലക്ഷം രൂപ കുറച്ചേ ചെലവായുള്ളു. ജോലികൾ തീർക്കാൻ വേണ്ടിവന്നത് ആറു മാസം മാത്രം. കെഎസ്ഇബിക്കു ജില്ലയിൽ റൂഫ് ടോപ് സൗരോർജ ഉത്പാദന സംവിധാനംപോലും നിലവിലില്ല. ആസ്ഥാനത്താണു മണ്ണിൽ ഉറപ്പിച്ചിട്ടുള്ള പാനലുകൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.