ഒടിയൻ മാണിക്യന്റെ ക്യാരക്ടർ സ്റ്റാച്യു ലുലു മാളിൽ

Posted on: October 21, 2018

കൊച്ചി : റിലീസിന് മുമ്പേ ദേശീ സൂപ്പർ ഹീറോ ഒടിയൻ മാണിക്യനെ കാണാൻ ലുലു മാളിൽ എത്തിയാൽ മതി. ഫിലിം പ്രമോഷന്റെ ഭാഗമായി ഒടിയൻ മാണിക്യന്റെ പൂർണമായ ക്യാരക്ടർ സ്റ്റാച്യു ലുലു മാളിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ അനാച്ഛാദനം ചെയ്തു.

ഒരു കാലത്ത് നാട്ടിൻപുറത്തെ സൂപ്പർ ഹീറോ ആയിരുന്നു ഒടിയൻ. തിരശീലയിൽ ഒടിയനെത്തുമ്പോൾ നമ്മുക്ക് ഒരു സൂപ്പർഹീറോയെയാണ് ലഭിക്കുന്നതെന്ന് സംവിധായകൻ വി. എ. ശ്രീകുമാർ മേനോൻ പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന്റെ പൂർണമായ സ്റ്റാച്യു പ്രമോഷന് വേണ്ടി തയാറാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പ്രിയ കഥാപാത്രമായ മാണിക്യനൊപ്പം സെൽഫി എടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ലുലു മാളിനൊപ്പം കേരളത്തിലെ പ്രമുഖ 50 തീയേറ്ററുകളിലും വരും ദിവസങ്ങളിൽ ഒടിയൻ മാണിക്യന്റെ ലൈഫ്‌സൈസ് സ്റ്റാച്യു ഒരുക്കുന്നുണ്ട്.

സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ. ഹരികൃഷ്ണൻ, ഛായാഗ്രാഹകൻ ഷാജി കുമാർ തുടങ്ങി നിരവധി അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ 2018 ഡിസംബർ 14 ന് തീയേറ്ററുകളിലെത്തും. മോഹൻലാൽ ഒടിയൻ മാണിക്യനായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ധീഖ്, ഇന്നസെന്റ്, നരേൻ, നന്ദു, കൈലാസ്, സന അൽത്താഫ് തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.