പ്ലാസ്മ തെറാപ്പി : വെൻറിലേറ്ററിലായിരുന്ന കൊവിഡ് രോഗി സുഖം പ്രാപിച്ചു

Posted on: June 12, 2020

കൊച്ചി : പ്ലാസ്മ തെറാപ്പിയിലൂടെ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിലായിരുന്ന കൊവിഡ് രോഗി സുഖം പ്രാപിച്ചു. കോൺവാൽസെൻറ് പ്ലാസ്മ കളക്ഷൻ എന്നറിയപ്പെടുന്ന ചികിത്സാരീതിയിലൂടെ 51 കാരനായ കൊവിഡ് രോഗിയാണ് വെൻറിലേറ്ററിൽ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. പ്ലാസ്മ തെറാപ്പിയിലൂടെ സംസ്ഥാനത്ത് രോഗം ഭേദമാകുന്ന ആദ്യ സംഭവമാണിത്.

കൊവിഡ് പ്രതിരോധശേഷിയുള്ള ആൻറിബോഡിയടങ്ങിയ പ്ലാസ്മ ദാതാവിൽ നിന്ന് വേർതിരിച്ച് രോഗിയുടെ രക്തത്തിലേക്ക് കടത്തി വിട്ടാണ് ചികിത്സ. അഫേറിസിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ ശരീരത്തിന് പുറത്തു വച്ചാണ് നടത്തുന്നത്. ദാതാവിന്റെ രക്തത്തിൽ നിന്ന് പ്ലാസ്മ മാത്രം വേർതിരിച്ചെടുത്ത് രക്തം ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ തിരികെ കടത്തി വിടുന്നതാണ് ഈ പ്രക്രിയ.

വ്യാഴാഴ്ച രാത്രിയാണ് രോഗിയുടെ ശരീരത്തിലേക്ക് പ്ലാസ്മ കടത്തി വിട്ടു തുടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ വരെ ഈ പ്രക്രിയ ദീർഘിച്ചുവെന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ് പറഞ്ഞു.

മെഡിക്കൽ കോളേജിലെ മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ, അനസ്‌ത്യേഷ്യ വിഭാഗങ്ങളാണ് ചികിത്സ ഏകോപിപ്പിച്ചത്. ഡേവിസ് ആൻറണി എന്ന ദാതാവാണ് പ്ലാസ്മ നൽകാൻ തയാറായതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇനിയും ആളുകൾ ഇത്തരത്തിൽ സന്നദ്ധരായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. കൊവിഡിനെതിരായി രാജ്യം നടത്തുന്ന പോരാട്ടത്തിൽ ഇത് സുപ്രധാന പങ്കാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് തൃശൂർ മെഡിക്കൽ കോളേജിൽ അഫേറിസിസ് ഉപകരണം സ്ഥാപിക്കുന്നത്. രക്തത്തിലെ പ്ലാസ്മ മാത്രം വേർതിരിച്ച് ദാനം ചെയ്യാൻ ഇതു വഴി സാധിക്കുന്നു. അതിനാൽ തന്നെ ദാതാവിന് 48 മണിക്കൂറിനുള്ളിൽ വീണ്ടും പ്ലാസ്മ ദാനം നടത്താനാകുമെന്നും മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.