കൊച്ചിയുടെ രുചിക്കൂട്ടായി പായസക്കട

Posted on: July 11, 2019

പോപ്പിൻസ് എന്ന സിനിമയിൽ ഭർത്താവായ കുഞ്ചാക്കോ ബോബന് ദിവസവും പായസം വച്ചു നൽകുന്ന നിത്യ മേനോന്റെ കഥാപാത്രം പോലെയാണ് ഫർസാന എന്ന സംരംഭകയുടെ കഥ.

ഭക്ഷണപ്രിയനായ ഭർത്താവ് ഷഹാസിന് ഇടയ്ക്കിടെ പായസം വച്ചുനല്കി ഈ വീട്ടമ്മ സംരംഭകയായി മാറി. സ്ഥാപനത്തിന്റെ പേര് പായസക്കട. പേരുപോലെ തന്നെ കടയിൽ പായസം മാത്രമേ കിട്ടൂ. എൻ എച്ച് ബൈപാസിന് അരികെ പാലരിവട്ടം പൈപ്പ്‌ലൈനിൽ ട്രാഫിക് സിഗ്നലിന് അടുത്താണ് പായസക്കട. 24 തരം പായസങ്ങളാണ് ഫർസാനയുടെ കൈപുണ്യത്തിൽ ഇവിടെ വിളമ്പുന്നത്.

പായസത്തിന് മാത്രമായൊരു ഷോപ്പ് തുടങ്ങിയതിനെപ്പറ്റി ഫാർസനയ്ക്ക് ഏറെ പറയാനുണ്ട്. മക്കളോടുള്ള സ്‌നേഹവും അമ്മ പകർന്നു നല്കിയ കൈപ്പുണ്യവുമാണ് ഫാർസനയെ ഇത്തരത്തിലൊരു ആശയത്തിലേക്ക് നയിച്ചത്. കോട്ടയം സ്വദേശിനിയാണ് ഫർസാനയും ഭർത്താവും. വിവാഹശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. ഒരു സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു ഇവർ.

മൂന്നു കുട്ടികളായതോടെ ജോലി ഉപേക്ഷിച്ചു. കുട്ടികൾക്ക് തന്റെ സാന്നിധ്യം എപ്പോഴും വേണമെന്ന തിരിച്ചറിവാണ് ജോലി ഉപേക്ഷിക്കാൻ കാരണം. രുചികരമായ ഭക്ഷണമുണ്ടാക്കി ഭർത്താവിനും ബന്ധുക്കൾക്കും കൂട്ടുകാർക്കും വിളമ്പുകയായിരുന്നു പ്രധാന ഹോബി. അമ്മ ചെറുപ്പത്തിൽ പഠിപ്പിച്ച രസക്കുട്ടുകളാണ് ഫർസാനയിലെ പാചകവിദഗ്ധയെ വളർത്തിയത്.

 ഒരു ദിവസം ഭർത്താവാണ് ഭക്ഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും തുടങ്ങിയാലോയെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെയാണ് പായസത്തിനായി ഒരു ഷോപ്പ് തുടങ്ങാമെന്ന് തീരുമാനിച്ചത്. ഓൺലൈനായി വില്ക്കാമെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. ആദ്യം ഒരു ഷോപ്പ് തുടങ്ങാമെന്ന ചിന്തയിൽ മേയിൽ പാലാരിവട്ടത്ത് പായസക്കട ആരംഭിക്കുന്നത്.

24 ഓളം ഇനം പായസങ്ങളാണ് ഇവിടെ വില്ക്കുന്നത്. സ്ഥിരമായി നാലുതരം പായസം കടയിൽ ഉണ്ടാകും. ഇതിനൊപ്പം ഓരോ ദിവസവും രണ്ട് സ്‌പെഷ്യൽ പായസങ്ങളും. സ്‌പെഷ്യൽ വിഭവങ്ങൾ ഓരോ ദിവസവും മാറിമാറി വരും. രാവിലെ 11 മണി മുതൽ രാത്രി ഒൻപതു വരെയാണ് പ്രവർത്തനമെങ്കിലും അതിനു മുമ്പേ പായസം മുഴുവൻ വിറ്റുതീരുമെന്ന് ഫർസാന പറയുന്നു.

പായസം ഉണ്ടാക്കുന്നതെല്ലാം ഫർസാനയാണ്. അതുകൊണ്ട് ഗുണത്തിലും രുചിയിലും നോ കോംപ്രമൈസ്. സഹായിയായി ഭർത്താവും കൂടെയുണ്ട്. രാവിലെ അഞ്ചിന് ആരംഭിക്കുന്ന പാചകം പത്തുമണിയാകുന്നതോടെ പൂർത്തിയാകും. ഷോപ്പിൽ ഒരു ജീവനക്കാരനുള്ളതിനാൽ ഫർസാനയ്ക്ക് കുട്ടികളുടെ കാര്യം നോക്കാൻ ആവശ്യത്തിന് സമയമുണ്ട്.

ഓൺലൈൻ ഫുഡ്പ്ലാറ്റ്‌ഫോമുകളായ സ്വിഗിയിലും സൊമാറ്റോയിലും പായസക്കട ഹിറ്റാണ്. ആവശ്യക്കാർ കൂടിയതോടെ പനമ്പിള്ളിനഗറിൽ ഒരു ഷോപ്പ് കൂടി തുടങ്ങാനുള്ള തയാറെടുപ്പിലാണിവർ. കൂടുതൽ ലാഭം നേടുകയെന്നതിനേക്കാൾ രുചികരമായ പായസം വിളമ്പുന്നതിലാണ് സംതൃപ്തിയെന്ന് നിറഞ്ഞ ചിരിയോടെ ഫർസാന പറയുന്നു.

TAGS: Payasakkada |