എസ് ബി ഐ നവജീവന്‍ ട്രസ്റ്റിന് ആംബുലന്‍സ് നല്‍കി

Posted on: May 11, 2021

കോട്ടയം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സര്‍ക്കിള്‍ ആര്‍പ്പുക്കര നവജീവന്‍ ട്രസ്റ്റിന് ആധുനിക
സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് നല്‍കി. വര്‍ഷങ്ങളായി മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും മൃതദേഹം കൊണ്ടു പോകുന്നതിനും കോവിഡിന്റെ തുടക്കം മുതല്‍ കോവിഡരോഗികളേയും രോഗം ഭേദമായവരേയും വിദൂര സ്ഥലങ്ങളില്‍നിന്ന് ആശുപ്രതികളിലേക്കും തിരികെ വീടുകളില്‍ എത്തിക്കുന്നതിനും നവജീവന്‍ ആംബുലന്‍സ് സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യവ്യക്തിയുടെ ആംബുലന്‍സ് സേവനമാണ് നവജീവന്‍ പ്രയോജനപ്പെടുത്തിയിരുന്നത്.

ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എസ്ബിഐ അധികൃതര്‍ നവജീവന് ആംബുലന്‍സ് നല്‍കുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം സാമ്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറുകോടി രൂപയും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 81 ലക്ഷം രൂപ ജീവനക്കാരില്‍ നിന്നും ശേഖരിച്ച് നല്‍കിയെന്നും 100 കോടി രൂപ പിഎം കെയര്‍ ഫണ്ടിലേക്കു നല്‍കിയിട്ടുണ്ടെന്നും കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസറഞ്ഞു.

കോട്ടയം ചീഫ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മൃഗേന്ദ്രലാല്‍ ദാസ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് ആംബുലന്‍സ് കൈമാറി. ജനറല്‍ മാനേജര്‍മാരായ അരവിന്ദ്, ഗുപ്ത, ഇന്ദ്രനില്‍ ഭാജ, കോട്ടയം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

TAGS: Navajeevan Trust | SBI |