കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം.

Posted on: September 18, 2020

കഴക്കൂട്ടം : കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാവുന്ന കുളത്തൂര്‍ ഗവ. ഹയര്‍സെന്ററി സ്‌കൂളിന് പ്രമുഖ വ്യവസായി എം.എ യൂസഫലി 50 ലക്ഷം രൂപയുടെ സഹായധനം നല്‍കി. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കുളത്തൂര്‍ ഉള്‍പ്പടെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 3 സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപയുടെ വീതം സഹായം നല്‍കുന്നത്. കുളത്തൂര്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് അദ്ദേഹം പങ്കെടുത്തത്.

5 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നടന്നുവരുന്ന സ്‌കൂളില്‍ അത്യാധുനിക രീതിയിലുള്ള ലാബ് സൗകര്യങ്ങള്‍ ഈ തുക ഉപയോഗിച്ച് ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനത്തിന് ഒരുങ്ങികഴിഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പത്മശ്രീ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ തുക സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. ചടങ്ങില്‍ മേയര്‍ കെ.ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ മേടയില്‍ വിക്രമന്‍, സുനിച്ചന്ദ്രന്‍, എസ്.ശിവദത്ത്, പ്രിന്‍സിപ്പല്‍ ദീപ.എ.പി, വൈസ് പ്രിന്‍സിപ്പല്‍ കലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.