മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെടിഎമ്മും മറ്റ് ടൂറിസം സംഘടനകളും ചേര്‍ന്ന് അരക്കോടി രൂപ കൈമാറി

Posted on: May 26, 2020


കൊച്ചി: കൊവിഡ്-19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ടൂറിസം രംഗത്തെ മറ്റ് സംഘടനകളും ചേര്‍ന്ന് അമ്പതു ലക്ഷം രൂപ സംഭാവന നല്‍കി. ടൂറിസം വ്യവസായരംഗത്തെ വിവിധ മേഖലയിലെ പങ്കാളികള്‍ ചേര്‍ന്ന സംഘടനയാണ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെടിഎം പ്രസിഡന്റ് ശ്രീ ബേബി മാത്യു, മറ്റ് ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് തുക ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് കൈമാറി.

നാട് വെല്ലുവിളി നേരിടുന്ന സമയത്ത് സഹായിക്കേണ്ടത് കെടിഎമ്മിന്റെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ശ്രീ ബേബി മാത്യു പറഞ്ഞു. ഇക്കാര്യത്തില്‍ കെടിഎമ്മടക്കമുള്ള ടൂറിസം സംഘടനകള്‍ കാട്ടിയ താത്പര്യം ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹോംസ്റ്റേസ് ആന്‍ഡ് ടൂറിസം സൊസൈറ്റി(കെഎച്എടിഎസ്), തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍(ടിഡിപിസി), സൗത്ത് കേരള ഹോട്ടല്‍ ഫെഡറേഷന്‍(എസ്‌കെഎച്എഫ്), സൗത്ത് ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍(എസ്‌ഐഎച്ആര്‍എ) തുടങ്ങിയ സംഘടനകളും കെടിഎമ്മും ചേര്‍ന്നാണ് അമ്പത് ലക്ഷം രൂപ സമാഹരിച്ചത്.