അഗതി മന്ദിരത്തിന് വീണ്ടും 25 ലക്ഷം അനുവദിച്ച് എം എ യൂസഫലി

Posted on: May 16, 2020

കൊല്ലം : കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൊല്ലം മുണ്ടയ്ക്കലെ ക്വയിലോണ്‍ പൂവര്‍ ഹോമിലെ നിരാലംബരായ അന്തേവാസികളെ മറന്നില്ല. അഗതി മന്ദിരത്തിന് തുടര്‍ച്ചയായ നാലാം വര്‍ഷവും 25 ലക്ഷം രൂപ സംഭാവന നല്‍കി എം എ യൂസഫലി കോവിഡ് ദുരിതകാലത്ത് നാടിന് ഒരിക്കല്‍ കൂടി മാതൃകയായി.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്കുവേണ്ടി ലുലു റീജിനല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന്‍, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് എന്നിവര്‍ ചേര്‍ന്നു തുക കൈമാറി. ഇതോടെ ഈ അഗതി മന്ദിരത്തിന് എം എ യൂസഫലി നല്‍കുന്ന ധനസഹായം ഒരു കോടി രൂപയായി. അന്തേവാസികള്‍ക്കാവശ്യമായ കൊറോണ പ്രതിരോധ മാസ്‌കും കൈമാറി.

2017ല്‍ ക്വയിലോണ്‍ പുവര്‍ഹോമിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദുരിത പൂര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന മനോരോഗികള്‍ ഉള്‍പ്പെട്ട അന്തേവാസികളുടെ താമസ സൗകര്യവും ഭക്ഷണവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി എം എ യൂസഫലി 25 ലക്ഷം രൂപ ധനസഹായം നല്‍കിയത്.

അടുത്ത വര്‍ഷങ്ങളിലും ഇത് തുടര്‍ന്നു. ഈ തുക ഉപയോഗിച്ച് ശുചിമുറികള്‍, കിടക്കകള്‍, ചികിത്സാ മുറികള്‍ തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ 63 പുരുഷന്‍മാരും 52 സ്ത്രീകളും അഗതിമന്ദിരത്തില്‍ അന്തേവാസികളായുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും അഗതി മന്ദിരത്തില്‍ നടന്നു വരുന്നു.

ചടങ്ങില്‍ കൊല്ലം മേയര്‍ ഹണി ബെഞ്ചമിന്‍, ക്വയിലോണ്‍ പൂവര്‍ ഹോം സെക്രട്ടറി ഡോ. ഡി ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.