പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് എം. എ. യൂസഫലി

Posted on: October 3, 2019

പരുമല : പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് നമ്മൾ മറക്കരുതെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി. എം. എ. യൂസഫലിയുടെ മാതാപിതക്കളുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിർമ്മിച്ച മദർ ആൻഡ് ചൈൽഡ് വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകം പിടിച്ചെടുക്കാൻ വെമ്പൽ കൊണ്ട മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടെ അന്ത്യം നമുക്ക് നൽകുന്ന ഒരു വലിയ സന്ദേശമുണ്ട്. ദൈവം നിശ്ചയിച്ചാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ ഒരാൾക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായി തന്റെ ശവമഞ്ചം തന്നെ ചികിൽസിച്ച ഡോക്ടർമാർ ചുമക്കണമെന്ന് അദ്ദേഹം മരണശയ്യയിൽ അന്ത്യാഭിലാഷം അറിയിച്ചു. സമ്പാദിച്ചതെല്ലാം മരണത്തോടെ ഉപേക്ഷിച്ചു വെറും കൈയോടെ പോകേണ്ടി വരുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ ശവമഞ്ചംകൊണ്ടു പോകുന്ന വഴിയിൽ സ്വർണം വിതറിയിടാനും കൈത്തലങ്ങൾ നിവർത്തിവെക്കാനും അദ്ദേഹം നിർദേശിച്ചു.

പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് നമ്മൾ മറക്കരുതെന്നും മനുഷ്യർ മനുഷ്യരെ സ്‌നേഹിക്കുകയും വിട്ടുവീഴ്ചാ മനസ്ഥിതിയോടെ മുന്നോട്ടു പോകുകയും ചെയ്താലേ ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളൂവെന്നും എം. എ. യൂസഫലി പരുമലയിൽ പറഞ്ഞു.