എം എ യൂസഫലിയുടെ സഹായത്താൽ എരമംഗലം എഎൽപി സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കുന്നു

Posted on: September 1, 2019

പൊന്നാനി : സത്യാവസ്ഥകൾ അറിഞ്ഞാൽ ഇപ്പോ വിമർശിക്കുന്നവരുടെ തെറ്റിധാരണക്കൾ മാറുമെന്നും പക്ഷേ ഇത്തരത്തിലുള്ള ചീത്തപറച്ചിലുകൾ കൊണ്ട് താൻ ചെയ്യുന്ന നല്ല കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോവില്ലന്നും എം എ യൂസഫലി പറഞ്ഞു. പൊന്നാനി എരമംഗലം എ.എൽ.പി സ്‌കൂൾ ഹൈടെക് വിദ്യാലയമാക്കുന്നത്തിന്റെ ഭാഗമായി സ്‌കൂൾ കെട്ടിടനിർമ്മാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി രുപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം എ യൂസഫലി നിർവഹിച്ചു. സ്‌കൂളിന്റെ നിർമാണത്തിന് ആവശ്യമെങ്കിൽ കൂടുതൽ പണം നൽകാൻ തയ്യാറാണെന്ന് യൂസഫലി പറഞ്ഞു. ഒരു വർഷംകൊണ്ട് പണി പൂർത്തിയാക്കും.

വേദനിക്കുന്ന മനുഷ്യന്റെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എം എ യൂസഫലിക്കു കഴിയുമെങ്കിൽ അദ്ദേഹം അതിൽ ഇടപ്പെട്ടിരിക്കും, അതുചെയ്തിരിക്കുമെന്നും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി യുസഫലി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ആദ്യഘട്ടം ഭൗതികസാഹചര്യം വർധിപ്പിക്കലാണെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിക്കാൻ എം എ യൂസഫലി തീരുമാനിച്ചത്. ഇരുനില കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ലാബ്, കമ്യൂണിറ്റി എഡ്യൂക്കേഷൻ സെന്റർ, ഓഡിറ്റോറിയം, അടുക്കള, നീന്തൽകുളം തുടങ്ങിയവ സൗകര്യങ്ങളോടെയാണ് നിർമാണം. തകർച്ചാ ഭിഷണി നേരിടുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിയുക. എൽപി വിദ്യാലയമാണെങ്കിലും പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെ ഇവിടെ പഠിപ്പിക്കുന്നുണ്ട്.

പുത്തൻപള്ളി കെ എം എം മദ്രസ ആൻഡ് പരിപാലന കമ്മിറ്റിയുടെ കീഴിലാണ് വിദ്യാലയം. സ്‌കൂളിന്റെ 90 ാം വാർഷിക ഭാഗമായി സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലും സ്‌കൂളിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയിരുന്നു. തുടർന്നാണ് വിദ്യാലയത്ത നവീകരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എത്തിയത്. സ്‌കൂളിന് സഹായഹസ്തം നീട്ടിയ എം എ യൂസഫലിക്ക് പിടിഎ കമ്മിറ്റിയും ജാറം മദ്രസ പരിപാലനകമറ്റിയും
ചേർന്ന് ഉപഹാരം നൽകി.

സുരേഷ് കാക്കനാത്ത് അധ്യക്ഷനായി. വഖഫ്‌ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങൾ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുഹറബാബു, ജില്ലാ പഞ്ചായത്തംഗം എം ബി ഫൈസൽ, എ കെ മുഹമ്മദുണ്ണി ഷാജി കാളിയത്തിൽ, സ്‌കൂൾ പ്രധാനധ്യാപിക വി. നിർമല എന്നിവർ സംസാരിച്ചു.